പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്‌റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്‌റ്റഡിയെന്നാണ് വിവരം. സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് സംഘം എംഎൽഎയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്. ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. പുതിയ കേസിലും നിർബന്ധിത ഗർഭഛിദ്രവും ബലാൽസംഗവും ആണ് ചുമത്തിയിരിക്കുന്നത് എന്നാണ് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.



