Sunday, April 5, 2026
Home » കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് രാഹുൽ; അജ്ഞതയും അധിക പ്രസംഗവുമെന്ന് മുഖ്യമന്ത്രി.
കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് രാഹുൽ; അജ്ഞതയും അധിക പ്രസംഗവുമെന്ന് മുഖ്യമന്ത്രി.

കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് രാഹുൽ; അജ്ഞതയും അധിക പ്രസംഗവുമെന്ന് മുഖ്യമന്ത്രി.

by Editor
Send your news and Advertisements

തിരുവനന്തപുരം: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ സ്വഭാവംവെച്ച് സിപിഐഎമ്മിനെ അളന്ന് നോക്കാനും മാര്‍ക്കിടാനും വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

2022-23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരെ സംഘപരിവാര്‍ പ്രേരണയാല്‍ ആട്ടിയോടിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തിരുന്നുവോ? ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സർക്കാർ അറസ്റ്റു ചെയ്തത്. 2000-ൽ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്‌ഗഡ് രൂപീകരിക്കപ്പെട്ടപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.

കൊച്ചിയിൽ നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ചത്. കേരളത്തിൽ സിപിഎം, ബിജെപി, ആർഎസ്എസ് പങ്കാളിത്ത കൂട്ടുകച്ചവടം നടക്കുന്നുവെന്ന് ആരോപിച്ച രാഹുൽഗാന്ധി അമ്പലങ്ങളെ കുറിച്ചും മതത്തെ കുറിച്ചും ദൈവങ്ങളെ കുറിച്ചും നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമലയെ കുറിച്ച് മൗനം പാലിക്കുന്നു എന്ന് ആരോപിച്ചു. ശബരിമല ക്ഷേത്രത്തിൽ നടന്നത് ഏറ്റവും വലിയ കുറ്റകൃത്യമാണ്. സിപിഎം നേതാക്കൾ സ്വർണം ചെമ്പാക്കിയിട്ടും പ്രധാനമന്ത്രിക്കു ഒരു വാക്ക് പോലും പറയാനില്ലേ എന്ന് രാഹുൽ ചോദിച്ചു.

മണിപ്പൂരിൽ വലിയ പാതകമാണ് ബിജെപി ചെയ്തത്. പള്ളികൾ കത്തിക്കാൻ കൂട്ടു നിന്നു. കേരളത്തിലെ നഴ്‌സുമാരെ ഛത്തീസ്ഗഡിൽ ആക്രമിച്ചു. ഇവരുമായി കൂട്ടുകൂടാൻ പിണറായി വിജയന് ഒരു മടിയുമില്ല, ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്ന് മുഴുവൻ കേരളത്തിനുമറിയാമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കുമെതിരെ നടപടി എടുക്കാത്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്ന് എന്തുകൊണ്ടാണ് മോദി പറയാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

You may also like

error: Content is protected !!