സഹോദരീ-സഹോദര ബന്ധത്തിന്റെ സ്നേഹവും വാത്സല്യവും ആഘോഷിക്കുന്ന രാഖി ദിനത്തിൽ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വദ്രയും. സഹോദരി പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾക്ക് രാഖി ആശംസകൾ അറിയിച്ചു. “സഹോദരീ-സഹോദരന്മാർ തമ്മിലുള്ള സ്നേഹവും വാത്സല്യവും കൂടുതൽ ആഴത്തിലാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” രാഹുൽ ഹിന്ദിയിൽ കുറിച്ചു. “സഹോദരീ-സഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ ഈ പുണ്യദിനം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷം നൽകട്ടെ,” എന്ന് പ്രിയങ്കാ ഗാന്ധി വദ്രയും എക്സിൽ ആശംസകൾ പങ്കുവെച്ചു.
ആചാരങ്ങൾക്കും സമ്മാനങ്ങൾക്കും അപ്പുറം സഹോദര-സഹോദരീ ബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് രക്ഷാബന്ധൻ. ഈ വർഷത്തെ രക്ഷാബന്ധൻ ഇന്നലെ (ഓഗസ്റ്റ് 9 ശനിയാഴ്‌ച)യായിരുന്നു. രക്ഷാബന്ധൻ എന്ന പദം സംസ്‌കൃതത്തിൽ നിന്നാണ് ഉത്ഭവിച്ചത്. “രക്ഷ” എന്നാൽ സംരക്ഷണം എന്നും “ബന്ധൻ” എന്നാൽ ബന്ധനം എന്നുമാണ്. “സംരക്ഷണബന്ധം” എന്നാണ് ഇതിൻ്റെ അർഥം. സഹോദര-സഹോദരി ബന്ധങ്ങളെയും സഹോദര സ്നേഹത്തെയും സ്‌നേഹം കൊണ്ടും സംരക്ഷണം കൊണ്ടും ദൃഢമാക്കുന്നു ഈ ഉത്സവം. ചന്ദ്ര-സൗര മാസമായ ശ്രാവണത്തിലെ പൂർണ്ണചന്ദ്ര സമയത്താണ് രക്ഷാബന്ധൻ ആചരിക്കുന്നത്.
രക്ഷാബന്ധൻ്റെ ഉത്ഭവം വേദ കാലഘട്ടം മുതലെ നിലകൊള്ളുന്നു. പുരാണത്തിലും ഭാഗവതം പോലെയുള്ള ഗ്രന്ഥങ്ങളിലും രാഖിയുടെ സാന്നിധ്യം കാണാം. പുരാണങ്ങളിൽ, സ്ത്രീകൾ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ രാഖി അണിയിച്ചതായും അത് ആത്മീയമായ ഒരു സംരക്ഷണ വസ്‌തുവായി ഉപയോഗിച്ചിരുന്നതായും പറയുന്നു.
കൃഷ്ണൻ യുദ്ധത്തിന് പോകുമ്പോൾ, അദ്ദേഹത്തിന്റെ സഹോദരി സുഭദ്ര അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ ഒരു നൂൽ കെട്ടി അനുഗ്രഹിച്ചു. പൂർണ്ണിമയിലെ പൂർണ്ണചന്ദ്രനെപ്പോലെ നീ തിളങ്ങുകയും വിജയിയായി പുറത്തുവരുകയും ചെയ്യട്ടെ എന്ന് പറഞ്ഞതായാണ് ഐതിഹ്യം. അതായിരുന്നു ആദ്യത്തെ രക്ഷാ ബന്ധൻ. ഒരു സഹോദരി തൻ്റെ സഹോദരൻ്റെ കൈത്തണ്ടയിൽ കെട്ടിയ ഒരു സംരക്ഷണ കവചമാണത്.
കൃഷ്‌ണനും ദ്രൗപദിയും തമ്മിലുള്ള ബന്ധം ഈ ഉത്സവത്തിൻ്റെ ഉദാഹരണമാണ്. ശിശുപാലന് നേരെ കൃഷ്‌ണൻ വാൾ നീട്ടിയപ്പോൾ കയ്യിൽ നിന്നും രക്തം വന്നു. അത് കണ്ട ദ്രൗപദി മറ്റ് മാർഗങ്ങളില്ലാതെ ധരിച്ചിരുന്ന സാരിയുടെ ഒരു അറ്റം കീറി പാടുപാടി സ്‌നേഹത്തോടെ കൃഷ്‌ണൻ്റെ വിരലിൽ കെട്ടി കൊടുത്തു. അതിന് പ്രതിഫലമായി കൃഷ്‌ണൻ ദ്രൗപദിയെ ഏത് ഘട്ടത്തിലും രക്ഷിക്കുമെന്ന് വാഗ്‌ദാനം നൽകി. പിന്നീട് വസ്ത്രഹരണത്തിൽ ദ്രൗപദിയെ കൃഷ്‌ണൻ അത്ഭുതകരമായി രക്ഷിച്ചത് ഈ വാഗ്‌ദാനത്തിൻ്റെയും സ്‌നേഹത്തിൻ്റെയും തെളിവായിരുന്നു.
രക്ഷാബന്ധൻ ഒരു സഹോദര–സഹോദരീ ബന്ധത്തിൻ്റെ പ്രതീകം മാത്രമല്ല, അത് വിശ്വാസത്തിൻ്റെ, ഐക്യത്തിൻ്റെ, മനുഷ്യസ്നേഹത്തിൻ്റെ ഉത്സവമാണ്. സുഹൃത്തുക്കൾ, അകന്ന ബന്ധുക്കൾ സമൂഹങ്ങളിലുടനീളം ബഹുമാനവും സംരക്ഷണ ബന്ധവും സൂചിപ്പിക്കാൻ ആർക്കും രാഖി കെട്ടാം. പുരാതനകാലത്ത് ആരംഭിച്ചിട്ടുള്ള ഈ ആഘോഷം അതേ ഉത്സാഹത്തോടെയും സ്നേഹത്തോടെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ആഘോഷിക്കപ്പെടുന്നു.