ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും, അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ ബിൻ ജാസിം അൽതാനി. തങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നു കയറ്റവും വെച്ചു പൊറുപ്പിക്കില്ല. സുരക്ഷയ്ക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന വിവേക ശൂന്യമായ ഏതൊരു ലംഘനത്തോടും ആക്രമണത്തോടും ശക്തമായി പ്രതികരിക്കുമെന്നും അദേഹം പറഞ്ഞു. ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രയേൽ ചൊവ്വാഴ്‌ച നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൽതാനിയുടെ പ്രതികരണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിലാണ് പശ്ചിമേഷ്യ. ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ രംഗത്ത് വന്നു. അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ്. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉറപ്പ് നൽകി. ഇസ്രയേലിന്‍റെ ക്രിമിനൽ നടപടിയാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു. ഖത്തറിനു പിന്തുണ അറിയിച്ചു യൂറോപ്യൻ യൂണിയൻ അടക്കം ലോകരാജ്യങ്ങൾ രംഗത്തെത്തി.
ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന് ഗൾഫ് രാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. ആക്രമണം മേഖലയിലെ സംഘർഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഖത്തർ അമീർ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് വിളിച്ചു നിലപാട് അറിയിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുത് എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു.
ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്നും അമേരിക്കയുടെ സഖ്യരാജ്യത്തെ ആക്രമിക്കുന്നത് ഇസ്രയേലിന്‍റെയും യുഎസിന്‍റെയും ലക്ഷ്യങ്ങളെ സഹായിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതിനിടെ, ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. ഒക്ടോബർ ഏഴിലെ കൂട്ടക്കുരുതി ലോകം മറന്നത് നാണക്കേടെന്ന പ്രസ്താവനയിലൂടെ ദോഹയിലെ ആക്രമണങ്ങൾ ന്യായീകരിക്കുകയാണ് നെതന്യാഹു. ഇന്നലത്തെ ആക്രമണം യുദ്ധം അവസാനിക്കുന്നതിന് വഴിതുറക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ ദോഹയിൽ നടത്തിയ ആക്രമണം ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കിൽ, ഹമാസ് നേതാക്കളെ അടുത്തവട്ടം വധിക്കുമെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡർ യെഹിൽ ലൈത്തർ പ്രഖ്യാപിച്ചു.
ഇസ്രയേൽ ആക്രമണത്തിൽ ഹമാസിൻ്റെ രാഷ്ട്രീയകാര്യ വിഭാഗം ആക്‌ടിങ് മേധാവി ഖലിൽ അൽ ഹയ്യയുടെ മകൻ ഹമ്മാമും സഹായിയും ഖത്തറിലെ സുരക്ഷാ സേനാംഗവുമുൾപ്പടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള മധ്യസ്ഥ ശ്രമങ്ങൾ തങ്ങൾ താൽക്കാലികമായി നിർത്തുകയാണെന്ന് ഖത്തർ നേതാക്കൾ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ മധ്യസ്ഥ ശ്രമങ്ങൾ നിർത്തരുതെന്ന് അമേരിക്ക ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.