ടെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരെ രണ്ടാഴ്‌ചയായി നടക്കുന്ന പൊതുജന പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2000 പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഉയർന്ന മരണസംഖ്യ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.
എന്നാൽ ഇറാനിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കുറഞ്ഞത് 12000 പേർ കൊല്ലപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായി ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ് രംഗത്തെത്തിയിട്ടുണ്ട്. ‘ആധുനിക ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം’ ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് വെബ്സൈറ്റ് ആരോപിക്കുന്നു. ഇതുവരെ പുറത്തുവന്നതിനേക്കാൾ ഏറെ കൂടുതലാണ് ഈ കണക്ക്. ഇറാന്‍റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ പ്രസിഡന്‍റിന്‍റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്‌സാക്ഷികൾ എന്നിവരിൽ നിന്നെല്ലാമാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഇറാൻ ഇന്‍റർനാഷണൽ പറഞ്ഞു. ഈ ഡാറ്റ പരിശോധിച്ച് സ്ഥിരീകരിച്ചതാണെന്നും വെബ്സൈറ്റ് അവകാശപ്പെട്ടു.
അതേസമയം പ്രതിഷേധക്കാർക്ക് പ്രോത്സാഹനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തുവന്നു. സഹായം ഉടനെത്തുമെന്നും പ്രതിഷേധ സമരം തുടരാനും ട്രംപ് ആഹ്വാനം ചെയ്തു. ‘ഇറാനിയൻ രാജ്യ സ്നേഹികളേ, പ്രതിഷേധം തുടരുക. നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കൂ! കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകൾ ഓർത്തു വെക്കുക. അവർ വലിയ വില നൽകേണ്ടി വരും. പ്രതിഷേധക്കാരെ അർത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിർത്തുന്നതു വരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്‌ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടൻ എത്തും. MIGA! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്’– പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഇറാനെ സംബന്ധിച്ച് യു.എസ് സൈന്യം ‘വളരെ ശക്തമായ ഒപ്ഷനുകൾ’ പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.
അമേരിക്കയുടെ പല, പല ഒപ്ഷനുകളിൽ ഉൾപ്പെട്ട ഒന്നാണ് വ്യോമാക്രമണം. എങ്കിലും നയതന്ത്രമാണ് ഭരണകൂടത്തിൻ്റെ ആദ്യത്തെ ഒപ്ഷനെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള എല്ലാ വ്യാപാരത്തിനും 25 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
2022-ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം.



