Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു; വ്യോമഗതാഗതം പ്രതിസന്ധിയിൽ; ഇന്റർനെറ്റ് നിർത്തലാക്കി; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഖമനയി
ആയത്തുള്ള അലി ഖമേനി.

ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു; വ്യോമഗതാഗതം പ്രതിസന്ധിയിൽ; ഇന്റർനെറ്റ് നിർത്തലാക്കി; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഖമനയി

by Editor
Send your news and Advertisements

ടെഹ്റാൻ: ഇറാനിൽ ഭരണ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ “അഹങ്കാരി” എന്ന് വിശേഷിപ്പിച്ച ഖമനയി സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ തലകീഴായി മാറുമെന്നും പറഞ്ഞു. ചരിത്രത്തിലെ അഹങ്കാരികളായ ഭരണാധികാരികളായ ഫറവോയെയും നിമ്രോദിനെയും ഇറാനിലെ പഴയ രാജാവ് മുഹമ്മദ് റെസ പഹ്‌ലവിയെയും പോലെ ട്രംപും തകർന്നു വീഴുമെന്ന് ഖമേനി പറഞ്ഞു. ഇറാനിൽ നടക്കുന്ന അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും പിന്നിൽ അമേരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇറാനിലെ സ്ഥിതി രൂക്ഷമാകുന്ന സഹചര്യത്തിൽ ഖമനയി പ്രതിന്ധികളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇറാൻ്റെ ഭരണ വീഴ്ച്ചയുടെ കാരണം ഖമനയി മാത്രമാണെന്നായിരുന്നു ട്രംപിൻ്റെ ആരോപണം. ഡിസംബർ 28 ന് ടെഹ്‌റാറിനെ തെരുവിൽ ആരംഭിച്ച പ്രതിഷേധം ഏറ്റവും ഒടുവിലായി ഇറാനിലെ 31 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിൻ്റെ നീക്കത്തിൽ ഇതുവരെ 217 പേർ കൊല്ലപ്പെട്ടു. പ്രതിഷേധം കടുത്തതോടെ ഇറാൻ സർക്കാർ രാജ്യത്ത് ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തുകയും അന്താരാഷ്ട്ര ഫോൺ സൗകര്യം വിച്ഛേദിക്കുകയും ചെയ്തു.

ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് ഇറാനിലെ വ്യോമഗതാഗതവും കടുത്ത പ്രതിസന്ധിയിൽ ആണ്. വെള്ളിയാഴ്‌ച ദുബായിൽ നിന്ന് ഇറാനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങൾ റദ്ദാക്കി. ദുബായ് എയർപോർട്ട് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ടെഹ്റാൻ, ഷിറാസ്, മഷ്ഹദ് എന്നി നഗരങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇറാനിലേക്ക് അടക്കമുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുമെന്ന് ഫ്ളൈ ദുബായ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിമാനങ്ങൾ റദ്ദാക്കാനുള്ള ഔദ്യോഗിക കാരണം എയർപോർട്ട് അധികൃതർ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാർക്ക് പകരമുള്ള ക്രമീകരണങ്ങളും അറിയിച്ചിട്ടില്ല.

യുഎഇയെ കൂടാതെ തുർക്കിയിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. ടർക്കിഷ് എയർലൈൻസ് ടെഹ്റാനിലേക്കുള്ള തങ്ങളുടെ അഞ്ച് സർവീസുകളും നിർത്തിവച്ചു. ഇറാനിയൻ എയർലൈനുകളുടെ അഞ്ച് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ചില വിമാനങ്ങൾ ഇപ്പോഴും ഷെഡ്യൂൾ പ്രകാരം പറക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുംമൂലം ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വൻ പ്രതിഷേധങ്ങളാണ് വിമാന സർവീസുകളെയും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലെ ഇസ്രയേൽ സംഘർഷവും ഉപരോധങ്ങളും മൂലം തകർന്ന ഇറാൻ സമ്പദ് വ്യവസ്ഥ പ്രക്ഷോഭങ്ങളോടെ കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറി. ടെഹ്‌റാനില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യ വ്യാപകമായി മാറി. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം പ്രതിഷേധങ്ങളിൽ ഇതുവരെ 200-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. 2300-ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!