ന്യൂഡൽഹി: വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങൾക്ക് ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ വച്ചായിരുന്നു മോദിയും വനിതാ താരങ്ങളും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ലോകകപ്പിലെ കഠിനമായ തുടക്കത്തിനു ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ച മനക്കരുത്തും സ്ഥിരോത്സാഹവും അഭിനന്ദനീയമാണെന്ന് മോദി പറഞ്ഞു. തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ ശേഷവും ടൂർണമെൻ്റിൽ ഇന്ത്യൻ വനിതാ ടീമിന്റെ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇത് പ്രതിരോധശേഷിയുടെയും ടീം വർക്കിൻ്റെയും പാഠമാണെന്നും മോദി വിശേഷിപ്പിച്ചു.
2017-ൽ ട്രോഫി ഇല്ലാതെ പ്രധാനമന്ത്രിയെ കണ്ട കാര്യം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അനുസ്‌മരിച്ചു. ഇപ്പോൾ ട്രോഫിയുമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിനാൽ, ഇതേ രീതിയിൽ അദ്ദേഹത്തെ കൂടുതൽ തവണ കാണാൻ ആഗ്രഹിക്കുന്നതായി ഹർമൻപ്രീത് കൗർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി തങ്ങളെ പ്രചോദിപ്പിച്ചിരുന്നുവെന്നും എല്ലാവർക്കും പ്രചോദനമാണെന്നും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു. ഇന്ന് പെൺകുട്ടികൾ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും അത് പ്രധാനമന്ത്രി കാരണമാണെന്നും അവർ പറഞ്ഞു.
ടൂർണമെന്റിലെ മികച്ച കളിക്കാരിക്കുള്ള അവാർഡ് നേടിയ ഓൾറൗണ്ടർ ദീപ്‌തി ശർമ്മ, പ്രധാനമന്ത്രിയെ കാണാൻ കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. 2017-ൽ അവർ കണ്ടുമുട്ടിയതും കഠിനാധ്വാനം ചെയ്യാൻ പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടതും അവർ സ്‌മരിച്ചു. ഞായറാഴ്‌ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം തങ്ങളുടെ കന്നി കിരീടം നേടിയത്.



