ടെൽ അവീവ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ എത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് ഇസ്രയേൽ പാർലമെൻ്റായ കനെസെറ്റിലെ പ്രത്യേക സമ്മേളനത്തെ മോദി അഭിസംബോധന ചെയ്‌തു മോദി പറഞ്ഞു. 2023 ഒക്ടോബറിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തെയും, 175 ഓളം പേർ മരിച്ച മുംബൈ ഭീകരാക്രമണത്തെയും പ്രധാനമന്ത്രി താരതമ്യം ചെയ്തു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന ചരിത്ര നേട്ടവും ഈ സന്ദർശനത്തിലൂടെ മോദി സ്വന്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, അർജൻറീന പ്രസിഡൻ്റ് ജാവിയർ മിലി എന്നിവർക്ക് ശേഷം ഈ വേദിയിൽ പ്രസംഗിക്കുന്ന വിദേശ നേതാവായി നരേന്ദ്ര മോദി.
സിന്ധുനദീതടത്തിലെയും ജോർദാൻ താഴ്വരയിലെയും പുരാതന നാഗരികതകളെ പരാമർശിച്ചുകൊണ്ട് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും പങ്കിട്ട സംസ്‌കാരത്തെയും കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശദീകരിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇസ്രയേലിൽ എത്തിയ മോദിക്ക് ടെൽ അവീവിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദി സുഹൃത്തല്ല, സഹോദരനെന്ന് പറഞ്ഞ നെതന്യാഹു, ഇസ്രയേൽ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ ഒപ്പം നിന്നുവെന്നും പറഞ്ഞു. ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇത് രണ്ടാം തവണയാണ് ടെൽ അവീവിൽ എത്തിയത്. രണ്ടാം വരവിലും വൻ സ്വീകരണം ഒരുക്കിയ ഇസ്രായേൽ, ഇന്ത്യയുമായുള്ള സൗഹൃദത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തി.
പ്രതിരോധ-വാണിജ്യ രംഗങ്ങളിൽ സുപ്രധാന കരാറുകൾ ഈ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് വിവരം. ഇറാനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷ സാധ്യത നിലനിൽക്കെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്.


