Mantis Partners Sydney
Thursday, February 5, 2026
Mantis Partners Sydney
Home » മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു.

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു.

by Editor

ഇംഫാൽ: മണിപ്പൂരിൽ ഒരു വർഷമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു. വനിതാ നേതാവും കുക്കി വിഭാഗത്തിൽ നിന്നുള്ള ആളുമായ നെംച കുപ്ജെൻ, എൻപിഎഫിലെ ലോസി ഡിഖോയ് എന്നിവർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയാകും.

ഖേംചന്ദ് സിങിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം ലോക്‌ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ സന്ദർശിച്ച് ജനകീയ സർക്കാർ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂർ, ഫെർസാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് എംഎൽഎമാരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

ചൊവ്വാഴ്ച‌ ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് അറുപത്തിരണ്ടുകാരനായ ഖേംചന്ദ് സിങിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. യുംനാം ഖേംചന്ദ് 2017 ലും 2022 ലും എംഎൽഎ ആയിരുന്നു. 2017 ൽ നിയമസഭാ സ്‌പീക്കറായ അദേഹം 2022 ലെ ബിരേൻ സിങ് സർക്കാരിൽ അംഗമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി മെയ്തേയി-കുക്കി വിഭാങ്ങൾക്കിടയിലുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് ബിരേൻ സിങ് രാജിവച്ചത്. സംഘർഷത്തെ തുടർന്ന് 2025 ഫെബ്രുവരി 13 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.

അതേസമയം മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിച്ചുകൊണ്ടുള്ള ബിജെപി നീക്കം ആശങ്കാജനകമാണെന്ന് കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ. ഗുവാഹത്തി കോൺക്ലേവ് പ്രമേയം അംഗീകരിച്ചിട്ടും കുക്കി വിഭാഗം നേതാവ് നെംചാ കുപ്ജെൻ മന്ത്രിസഭയിൽ ചേർന്നത് തെറ്റാണെന്നും സംഘടന വിലയിരുത്തി. യുംനാം ഖേംചന്ദ് സിങ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായാണ് നെംചാ കുപ്ജെൻ അധികാരമേറ്റത്. പുതിയ സർക്കാർ മെയ്തേയ് കേന്ദ്രീകൃതമായൊരു രാഷ്ട്രീയ ക്രമീകരണം മാത്രമായിരിക്കുമെന്നും സമാധാനമോ നീതിയോ അനുരഞ്ജനമോ നടപ്പിലാക്കാൻ അതിന് കഴിയില്ലെന്നും കുക്കി ഇൻപി വിലയിരുത്തി. സർക്കാർ രൂപീകരണത്തോട് കുക്കി എംഎൽഎമാർ സഹകരിക്കരുത്. കുക്കി ജനതയുടെ കഷ്‌ടപ്പാടുകളും അഭിലാഷങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയും പൂർണമായും അവഗണിക്കുന്ന, പേരിന് മാത്രം നിലനിൽക്കുന്ന സർക്കാറാവും ഇതെന്നും കുക്കി ഇൻപി വിലയിരുത്തി.

സമാധാനത്തിലും സുസ്ഥിരതയിലും ബിജെപിക്ക് ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ ജനകീയ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പകരം കുക്കി-സോ വിഭാഗത്തിന് സ്വീകാര്യമായൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നത് വരെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം തുടരാൻ കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യണമെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പുതിയ സർക്കാറിൽ ഏതെങ്കിലും കുക്കി-സോ എംഎൽഎമാർ ചേരുന്നതിനെ സംഘടന ശക്തമായി എതിർക്കുന്നു. നേരത്തെ അംഗീകരിച്ച ഗുവാഹത്തി കോൺക്ലേവ് പ്രമേയത്തിന് ബാധ്യസ്ഥരായിരുന്നിട്ടും അത് മറികടന്ന് ഗവൺമെൻ്റിൽ ചേരുന്ന കുക്കി-സോ എംഎൽഎമാർ പൊതുസമൂഹത്തിന് മുന്നിൽ വന്ന് നിലപാട് വ്യക്തമാക്കണമെന്നും സംഘടന വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!