വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയും ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള പൂർണമായ കൂട്ടായ്മ പുനസ്ഥാപിക്കുമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് കോൺസ്റ്റാൻ്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേസിൽ നിന്നുള്ള പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പാപ്പ.
കത്തോലിക്ക സഭയും ഓർത്തഡോക്‌സ് സഭയും തമ്മിൽ ഇതിനോടകം നിലനിൽക്കുന്ന ആഴമായ കൂട്ടായ്മയെക്കുറിച്ച് പാപ്പ സംസാരിച്ചു. അപ്പസ്തോലന്മാരായ പത്രോസിൻ്റെയും അന്ത്രയോസിന്റെയും തിരുനാളുകളിൽ ഇരു സഭകളിൽ നിന്നുമുള്ള പ്രതിനിധികൾ പരസ്‌പരം സന്ദർശിക്കുന്നത് അപ്പസ്തോലന്മാരായ പത്രോസിനെയും അന്ത്രയോസിനെയും ഒന്നിപ്പിച്ച സാഹോദര്യ ബന്ധത്തിൻ്റെ പ്രതിഫലനമാണെന്ന് പാപ്പ പറഞ്ഞു.
നൂറ്റാണ്ടുകൾ നീണ്ട അഭിപ്രായ വിത്യാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ശേഷം റോമിലെയും കോൺസ്റ്റൻറിനോപ്പിളിലെയും സഹോദരീ സഭകൾ തമ്മിലുള്ള യഥാർത്ഥ സംഭാഷണം പുനരാരംഭിക്കാൻ സന്തോഷകരമാണ്. പോൾ ആറാമൻ മാർപാപ്പയും എക്യുമെനിക്കൽ പാത്രിയാർക്കീസ് അത്തെനഗോറസും സ്വീകരിച്ച ധീരവും ദീർഘവീക്ഷണപരവുമായ നടപടികളിലൂടെയാണ് ഇത് സാധ്യമായതെന്നും പാപ്പാ അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്‌കാര ചടങ്ങിലും തൻ്റെ സ്ഥാനാരോഹണ ചടങ്ങിലെ ദിവ്യബലിയിലും എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോയുടെ സാന്നിധ്യം പാപ്പ എടുത്തുപറഞ്ഞു.