കാഠ്‌മണ്ഡു: നേപ്പാളില്‍ ജെൻ സി കലാപം കത്തിപ്പടരവെ പ്രസിഡന്റും രാജിവെച്ചു. നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍ ആണ് ഇന്നലെ വൈകുന്നേരം രാജിവെച്ചത്. പ്രധാനമന്ത്രി കെപി ശര്‍മ ഒലി നേരത്തെ രാജി വെച്ചിരുന്നു. പ്രസിഡന്റും രാജിവെച്ചതോടെ നേപ്പാൾ കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിയിലായി. സാമൂഹ്യ മാധ്യമങ്ങളുടെ നിരോധനവും അഴിമതിയിയും ദുർഭരണവും ചൂണ്ടിക്കാട്ടി യുവതലമുറ പ്രക്ഷോഭത്തിനിറങ്ങി രണ്ടാം ദിവസമാണ് രാജ്യത്തെ ഭരണ തലവൻമാരായ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
കെ പി ശര്‍മ ഒലി സൈനിക ഹെലികോപ്റ്ററില്‍ കാഠ്‌മണ്ഡു വിട്ടെന്നാണ് വിവരം. എന്നാല്‍ എവിടേക്കാണ് പോയതെന്നു വെളിപ്പെടുത്തിയിട്ടില്ല. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈന്യം ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമം തുടരുന്നതിനാല്‍ തലസ്ഥാനമായ കാഠ്‌മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. ജെൻ സികളെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭകർ കർഫ്യൂ അടക്കമുള്ള എല്ലാ വിലക്കുകളും ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ വിവാദപരമായ നിരോധനമാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്. പ്രക്ഷോഭങ്ങൾ രക്ത രൂക്ഷിതമായതിനെ തുടർന്ന് ചൊവ്വാഴ്‌ച പുലർച്ചെ നിരോധനം പിൻവലിച്ചിരുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ 22 പേർ മരിച്ചതായാണ് വിവരം. പാർലമെൻ്റ് മന്ദിരത്തിന് തീയിട്ടതിന് പിന്നാലെ സുപ്രീം കോടതി സമുച്ചയവും അഗ്നിക്കിരയാക്കി. പ്രസിഡൻറിന്റെയും പ്രധാനമന്ത്രിയുടെയും വസതികളും പ്രക്ഷോഭകാരികൾ കത്തിച്ചു.
അതിനിടെ നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നും പ്രധാനമന്ത്രിയായി കാഠ്‌മണ്ഡു മേയറായ ബാലേന്ദ്ര ഷാ ചുമതലയേൽക്കണമെന്നും ആവശ്യപ്പെട്ട് ജെൻ സി പ്രക്ഷോഭകർ സോഷ്യൽ മീഡിയ ക്യാംപയിൻ തുടങ്ങി. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാൻ ബാലേന്ദ്ര ഷായെ ഇടക്കാല സർക്കാരിന്റെ തലവനായി നിയമിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
പാർട്ടി പിൻബലമില്ലാതെ സ്വതന്ത്രനായി രാഷ്ട്രീയത്തിലെത്തിയ സിവിൽ എൻജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ യുവജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനമുള്ള നേതാവാണ്. ‘ബലെൻ’ എന്ന പേരിലാണ് ബാലേന്ദ്ര ഷാ യുവാക്കൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990-ൽ കാഠ്‌മണ്ഡുവിൽ ജനിച്ച അദേഹം ഇന്ത്യയിൽ നിന്നാണ് സ്ട്രക്‌ചറൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദം നേടിയത്.
നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേപ്പാളിലെ ഭാരതീയർ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇന്ത്യ – നേപ്പാൾ അതിർത്തികളിൽ സുരക്ഷ കർശനമാക്കി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. നേപ്പാളിൽ ഉള്ളവർ വീടിനുള്ളിൽ തന്നെ തുടരാനും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും പ്രാദേശിക അധികാരികളും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
നേപ്പാളിലെ സ്‌ഥിതിഗതികൾ വിലയിരുത്താനും സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കാനും പ്രത്യേക മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്തു. നേപ്പാളിലെ സംഭവവികാസങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്‌തുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. നേപ്പാളിലെ അക്രമം ഹൃദയഭേദകമാണെന്ന് മോദി പറഞ്ഞു.