വാഴ്സാ: അതിർത്തി കടന്നെത്തിയ റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് പോളണ്ട്. റഷ്യൻ ഡ്രോണുകൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും ആണ് പോളണ്ട് അറിയിച്ചത്. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് അതീവജാഗ്രതയിലാണ്. തലസ്ഥാനമായ വാഴ്‌സയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ആക്രമണം നടന്നതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും സ്ഥിരീകരിച്ചു.
പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകൾ തകർത്തതായും ഓപ്പറേഷൻ തുടരുകയാണെന്നും പോളണ്ട് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെസാറി ടോംസികും മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസിന്റെയും സൈന്യത്തിന്റെയും അറിയിപ്പുകൾ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. റഷ്യൻ ഡ്രോണുകൾ അതിർത്തി കടന്നെത്തിയതിന് പിന്നാലെ പോളണ്ട് സൈനിക വിമാനങ്ങൾ സജ്ജമാക്കിയതായി പോളിഷ് സായുധ സേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നെത്തിയ ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇതിൻ്റെ അവശിഷ്‌ടങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നും പോളിഷ് സായുധ സേന അറിയിച്ചു.
2022ൽ യുക്രെയ്ൻ–റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യൻ ഡ്രോണുകൾ പോളണ്ട് വീഴ്ത്തുന്നത്. യുക്രെയ്ന് നേരേയുള്ള ആക്രമണം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണ് പോളണ്ട് അതിർത്തിയിലേക്കും ഡ്രോണുകൾ എത്തിയത്. യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്. ഇറാനിയൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് നാറ്റോ അംഗമായ പോളണ്ടിനെ റഷ്യ ആക്രമിച്ചതായി യുഎസ് ജനപ്രതിനിധി സഭാംഗം ജോ വിൽസൺ ആരോപിച്ചു.
യുക്രെയ്‌നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം യുക്രെയ്‌നിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ പതിച്ച് 23 പേർക്ക് ആണ് ജീവൻ നഷ്ടമായത്. 18 പേർക്കു പരുക്കേറ്റു. കിഴക്കൻ യുക്രെയ്‌നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസി ആരോപിച്ചു. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെ ചിത്രം സെലെൻസ്കി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. റഷ്യ നടത്തുന്ന ക്രൂരതയെപ്പറ്റി ലോകം നിശബ്‌ദത പാലിക്കരുതെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. യുഎസും യൂറോപ്പും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.