Tuesday, January 13, 2026
Mantis Partners Sydney
Home » ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

by Editor

ലഖ്‌നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച’രാഷ്ട്ര പ്രേരണാ സ്ഥൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഡിസംബർ 25 രാജ്യത്തെ രണ്ട് മഹദ്‌വ്യക്തികളുടെ ജന്മവാർഷികമായിവരുന്ന സവിശേഷമായ ദിനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയി ജിയും ഭാരതരത്ന മഹാമന മദൻ മോഹൻ മാളവ്യ ജിയും ഇന്ത്യയുടെ സ്വത്വം, ഐക്യം, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ചവരാണെന്ന് അനുസ്മരിച്ചു. രാഷ്ട്രനിർമ്മാണത്തിൽ തങ്ങളുടെ മഹത്തായ സംഭാവനകളിലൂടെ മായാത്ത മുദ്ര പതിപ്പിച്ചവരാണ് ഈ രണ്ട് നേതാക്കളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആത്മാഭിമാനത്തിന്റെയും ഐക്യത്തിന്റെയും സേവനത്തിന്റെയും പാത ഇന്ത്യയ്ക്ക് കാണിച്ചുതന്ന ദർശനത്തിന്റെ പ്രതീകമായ ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജി, അടൽ ബിഹാരി വാജ്‌പേയി ജി എന്നിവരുടെ കൂറ്റൻ പ്രതിമകൾ ഇവിടെ ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും, അവർ നൽകുന്ന പ്രചോദനം അതിലും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അടൽ ജിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ട്, ഓരോ ചുവടും ഓരോ പരിശ്രമവും രാഷ്ട്രനിർമ്മാണത്തിനായി സമർപ്പിക്കണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന നിശ്ചയദാർഢ്യം നിറവേറ്റാൻ കഴിയൂ എന്ന സന്ദേശമാണ് ഈ രാഷ്ട്ര പ്രേരണാ സ്ഥൽ നൽകുന്നതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റി 230 കോടി രൂപ ചെലവഴിച്ച് നിർമിച്ച രാഷ്ട്ര പ്രേരണാ സ്ഥൽ ഗോമതി നദീതീരത്ത് ബസന്ത് കുഞ്ജ് യോജന പ്രദേശത്തെ ദുബാഗ്ഗയിലാണ് സ്ഥിതി ചെയ്യുന്നത്. 65 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം മുമ്പ് മാലിന്യക്കൂമ്പാരമായിരുന്നു. ഏകദേശം 6.5 ലക്ഷം മെട്രിക് ടൺ മാലിന്യം നീക്കം ചെയ്ത ശേഷമാണ് സ്മാരകം പണിതത്.

മിയാവാകി രീതിയിൽ 50,000-ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭമായ പൊതുഇടമാക്കിയും പ്രദേശത്തെ മാറ്റി. സമുച്ചയത്തിന്റെ ഭാഗമായി ബിജെപി-ആർഎസ്എസ് നേതാക്കളായ ശ്യാമപ്രസാദ് മുഖർജി, ദീനദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകളുണ്ട്. ഏകദേശം 98,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന താമരയുടെ ആകൃതിയിലുള്ള അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയുടെ ദേശീയ പ്രയാണത്തെയും ഈ ദീർഘദർശികളായ നേതാക്കളുടെ സംഭാവനകളെയും മ്യൂസിയം പ്രദർശിപ്പിക്കുന്നു, ഇത് സന്ദർശകർക്ക് ആകർഷകവും വിദ്യാഭ്യാസപരവുമായ അനുഭവം നൽകുന്നു.

സ്വതന്ത്ര ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ പൈതൃകത്തെ ആദരിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയവും വികസനപരവുമായ യാത്രയിൽ അഗാധമായ സ്വാധീനം ചെലുത്തിയ, രാജ്യം ഏറെ ആദരിക്കുന്ന ഒരു രാഷ്ട്രതന്ത്രജ്ഞന്റെ ജീവിതത്തിനും ആദർശങ്ങൾക്കും പൈതൃകത്തിനുമുള്ള ആദരവായി ഈ കേന്ദ്രം നിലകൊള്ളും.

Send your news and Advertisements

You may also like

error: Content is protected !!