Monday, December 15, 2025
Mantis Partners Sydney
Home » പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും
പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും ബാല നോവൽ - ഭാഗം 7

പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

ബാല നോവൽ - ഭാഗം 7

by Editor

മുറി തുറന്നതും അവിടെയാകെ പ്രകാശമയം! മാലാഖാമാര്‍ തമ്മില്‍ത്തമ്മില്‍ എന്തോ സംസാരിക്കുന്നു.
“മാലാഖമാരേ, ഇതു നോക്കിയേ, എന്‍റെ കൈയില്‍ ആരാണെന്ന്?”
ഏരിയല്‍ മാലാഖ കൈനീട്ടി പിപ്പിനെ കൈയിലെടുത്തു. എന്നിട്ടു ചോദിച്ചു: “ഇവനെ നീ എന്താണു വിളിക്കുന്നത്?
“പിപ്പിന്‍.”
“നല്ല പേരാണല്ലോ…”
ബാക്കി നാലു മാലാഖമാരും നായ്ക്കുട്ടിയെ തൊട്ടുതലോടി. നമ്മുടെ പിപ്പിനാകട്ടെ, പാതി തുറന്ന കണ്ണുകള്‍കൊണ്ട്, ആ തലോടല്‍ ആസ്വദിച്ചു.

മിഖായേല്‍മാലാഖ പറഞ്ഞു: “അവസാനം നീ അപ്പനെയും അമ്മയെയുംകൊണ്ട് സമ്മതിപ്പിച്ചു ഇല്ലേ?”
“നന്നായി ഇവനെ നോക്കണം.” അതു പറഞ്ഞത് റാഫേല്‍ മാലാഖയാണ്.
ജോഫിയേല്‍മാലാഖയും ഗബ്രിയേല്‍മാലാഖയും പിങ്ക്ളാങ്കിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. ഗബ്രിയേല്‍മാലാഖയോട് പിങ്ക്ളാങ്കിക്കു കുറച്ച് ഇഷ്ടം കൂടുതലുണ്ട്. അത് എന്തുകൊണ്ടാണെന്നറിയില്ല. ആ ചിറകിന്‍കീഴില്‍ താന്‍ സുരക്ഷിതനാണെന്ന് ഒരു തോന്നല്‍. എന്നാലും പനി വന്നപ്പോള്‍ സുഖപ്പെടുത്തിയത് റാഫേലാണ്.
“നിങ്ങള്‍ക്കു വിശക്കില്ല എന്നു പറഞ്ഞത് സത്യമാണോ?”
“ഇല്ല മോനേ, ഞങ്ങള്‍ക്കു വിശപ്പില്ല.” ജോഫിയേലാണ് അതിന് ഉത്തരം നല്‍കിയത്.

അമ്മയുടെ വിളി താഴേന്നു കേട്ടു.
“പിങ്ക്ളാങ്കീ, നീ എവിടെയാണ്?”
ഏരിയല്‍മാലാഖയുടെ കൈയില്‍നിന്നു പിപ്പിനെ വാങ്ങി മാലാഖമാരുടെ മുറിയുടെ വാതില്‍ മെല്ലെ അടച്ച് അവന്‍ താഴേക്കു പോയി.
“പപ്പാ ഇന്നു നേരത്തേ വരും. നീ ആ പട്ടിയെ താഴെവച്ചിട്ട് കൈ സോപ്പിട്ടു കഴുകൂ.”
“അമ്മേ, പട്ടിയെന്നു വിളിക്കാതെ, പിപ്പിന്‍ എന്നു വിളിക്കൂ.”
“പിപ്പിന്‍ എങ്കില്‍ പിപ്പിന്‍.”
പപ്പാ വന്നത് പിപ്പിനു കൂടു പണിയാനുള്ള ഒരാളെയും കൂട്ടിയാണ്. വീടിനോടു ചേര്‍ന്ന് ഒരു സ്ഥലം പപ്പ കാണിച്ചുകൊടുത്തു. അയാള്‍ രാവിലെ വരാമെന്നു പറഞ്ഞു പോയി.
അമ്മയോട് അനുവാദം ചോദിച്ചിട്ട് അവന്‍ വിശാലിനെ വിളിച്ചു വിശേഷങ്ങള്‍ കൈമാറി.
സ്കൂള്‍ തുറക്കുന്നതിനുമുമ്പേ അവന്‍ പിപ്പിനെ കാണാന്‍ വരാമെന്നു പറഞ്ഞു.
വിശാലിനും പിപ്പിന്‍ എന്ന പേര് ഇഷ്ടമായി.

രാത്രിയില്‍ അമ്മ പിങ്ക്ളാങ്കിയുടെ മുറിയുടെ ഒരു മൂലയില്‍ പിപ്പിന് കിടക്കാന്‍ സൗകര്യം ഒരുക്കി. പഴയ ഒരു പുതപ്പ്, പിന്നെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം.
അമ്മ ലൈറ്റണച്ചിട്ടു പോയതും അവന്‍ പിപ്പിനെ തന്‍റെ കട്ടിലില്‍ പുതപ്പിന്‍റെ ഉള്ളില്‍ ചേര്‍ത്തുവച്ചു.
രാവിലെ ഉണര്‍ന്നപ്പോള്‍ മുഖത്ത് ഒരു ചൂടു തോന്നി. അത് പിപ്പിന്‍ ആയിരുന്നു. കൂടാതെ, പിങ്ക്ളാങ്കിയുടെ പുതപ്പു കുറച്ചു നനഞ്ഞിട്ടുണ്ട്.
അയ്യോ, പിപ്പിന്‍, നിനക്ക് ഒന്നിനു പോകാന്‍ വേറേ സ്ഥലം ഒന്നും കിട്ടിയില്ലേ? അമ്മ നമ്മളെ രണ്ടുപേരെയും വഴക്കു പറയും.”
പതുക്കെ പിപ്പിനെയും കൈയിലെടുത്ത് നനഞ്ഞ പുതപ്പുമായി പിങ്ക്ളാങ്കി അമ്മയുടെ അടുത്തു ചെന്നു.
എന്ത് ഉറക്കമാടാ നീ ഉറങ്ങിയത്? പപ്പാ കടയില്‍ പോകുന്നതിനുമുമ്പേ എത്ര പ്രാവശ്യം വിളിച്ചു എന്നറിയുമോ? എന്താ പുതപ്പും കൈയില്‍ പിടിച്ച്?”
“ഇതു നനഞ്ഞു.”
“എങ്ങനെ?”
“പിപ്പിന്‍ സൂ… സൂ… പോയി.”
“ഞാന്‍ അതുകൊണ്ടാ ഈ വകയൊന്നും ഇവിടെ വേണ്ടാ എന്നു പറഞ്ഞത്, ഇതു കൊണ്ടുപോയി പുറത്തു പൈപ്പിന്‍റെ ചുവട്ടിലുള്ള ബക്കറ്റില്‍ ഇട്ടോ. ഒള്ള പണിയൊന്നും പോരാഞ്ഞിട്ട് ഇനി ഇതുകൂടി.”

“ഞാന്‍ അലക്കാം അമ്മേ,” ക്ഷമാപണസ്വരത്തില്‍ അവന്‍ പറഞ്ഞു.
“അതൊന്നും വേണ്ട, നീ ഇതിനെ താഴെ വെച്ചിട്ടു പോയി പല്ലു തേച്ചിട്ടു വാ.”
പിങ്ക്ളാങ്കിയുടെ പിറകേ പിപ്പിനും വാലാട്ടി നടന്നു.
അമ്മ പുട്ടും പഴവും മേശപ്പുറത്തു വച്ചിട്ട് പിപ്പിനുള്ള പാല് അവന്‍റെ പാത്രത്തില്‍ ഒഴിച്ചു. പിപ്പിനാകട്ടെ പാല് വേഗം കുടിച്ചിട്ട് പിങ്ക്ളാങ്കിയുടെ കാലിന്‍റെ ചുവട്ടില്‍ ഇരുപ്പുറപ്പിച്ചു. അതിനിടയില്‍ കൂടു പണിയാനുള്ള ആള് പുറത്തു വന്നു. അമ്മ പുറത്തേക്കു പോയി.
മാലാഖമാരോട് പിപ്പിന്‍ കാണിച്ചുവച്ച കാര്യം പറയാന്‍ തോന്നി. പതുക്കെ നട കയറിയപ്പോളാണ് അമ്മയുടെ വിളി വന്നത്.
കഴിച്ചുകഴിഞ്ഞാല്‍ നായക്കുട്ടിയെ ഒന്നു പുറത്തേക്കു കൊണ്ടുപോ.”
“അമ്മേ പ്ളീസ്, അങ്ങനെ വിളിക്കാതെ, പിപ്പിന്‍ എന്നു വിളിക്കൂ.”
ആശ അതിനു മറുപടി കൊടുക്കാതെ അടുക്കളയിലേക്കു പോയി.
മുറ്റത്തേക്കിറങ്ങിയതും പിപ്പിന്‍ അവിടെയാകെ ഓടിത്തുടങ്ങി. കൂടുണ്ടാക്കാന്‍ വന്ന ചേട്ടന്മാര്‍ രണ്ടുപേരും അവന്‍ കളിക്കുന്നത് ആസ്വദിച്ചു.

പിങ്ക്ളാങ്കിയുടെ ലോകത്തേക്ക് ഒരു പുതിയ വെളിച്ചം വീശിയപോലെതോന്നി. അമ്മയും അവനും മാത്രമാണ് സാധാരണ സ്കൂളില്ലാത്ത ദിവസം വീട്ടില്‍. കുറച്ചു നേരം വായിക്കും. ടി വി ഒരുപാട് കാണാന്‍ അമ്മ സമ്മതിക്കില്ല. ഫോണും അരമണിക്കൂര്‍ കൂടുതല്‍ കളിക്കാന്‍ കൊടുക്കില്ല.
ഏകാന്തതയുടെ വിടവാണ് പിപ്പിന്‍റെ വരവു നികത്തിയത്. മാലാഖമാര്‍ വന്നതോടെ എല്ലാം മാറി. അവരാണ് തനിക്ക് ഇതു സാധിച്ചുതന്നത്.
കുഞ്ഞുങ്ങള്‍ അപേക്ഷിച്ചാല്‍ അവര്‍ കേള്‍ക്കും. അതു നടത്തിക്കൊടുക്കും. പ്രത്യേകിച്ച്, പിങ്ക്ളാങ്കിയെപ്പോലെ ഒരു നല്ല കുട്ടി.

അമ്മ പണിക്കാര്‍ക്കു കുടിക്കാന്‍ കാപ്പിയുമായി പുറത്തേക്കു പോയ തക്കം നോക്കി പിങ്ക്ളാങ്കി, പിപ്പിനെയുംകൂട്ടി മാലാഖാമാരുടെ മുറിയിലേക്ക് ഓടിപ്പോയി. അവന്‍റെ വരവ് കാത്തിരുന്നപോലെ അവര്‍ അഞ്ചുപേരും അവനെ നോക്കി ചിരിച്ചു.
“ഈ പിപ്പിന്‍ കുറച്ചു കുസൃതിയാണ്.” കാലത്തെ നടന്ന സംഭവം പൊടിപ്പും തൊങ്ങലുംവച്ച് അവന്‍ അവരെ പറഞ്ഞുകേള്‍പ്പിച്ചു.
അവരോടു ഓരോന്നു പറഞ്ഞുചിരിച്ചു സന്തോഷിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയുടെ വിളി താഴേന്ന് ഉയര്‍ന്നു.
“പിങ്ക്ളാങ്കീ, മോനേ, നീ എവിടെയാ?”
ഒറ്റയോട്ടത്തിന് അവന്‍ താഴെയെത്തി.
“എന്താ അമ്മേ?”
“ദേ സ്കൂളില്‍നിന്നുള്ള ഫോണാണ്. പുതിയ ബുക്കും യൂണിഫോമും വാങ്ങാന്‍ ഈ ആഴ്ചതന്നെ ചെല്ലണമെന്ന്.”
“അയ്യോ, ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ പിപ്പിനെ ആരു നോക്കും?”
“കുറച്ചു സമയത്തേക്ക് സിസിലിയാന്‍റിയെ വിളിക്കാം. നീ ആകെ വിയര്‍ത്തു. കുറച്ചുസമയം അതിനെ താഴെവച്ചിട്ട് അടങ്ങിയിരിക്ക്.”
അമ്മ പറഞ്ഞത് മനസ്സിലായപോലെ പിപ്പിന്‍ പിങ്ക്ളാങ്കിയെ നോക്കി.
നിലത്തുവച്ചതും അവന്‍ പിന്നെയും സൂ… സൂ… പോയി.
അമ്മ വരുന്നതിനു മുമ്പേ അവന്‍ ഒരു തുണിയെടുത്ത് അതു തുടച്ചു.
വിശാലിന്‍റെ ചിറ്റപ്പനോട് ഇവന്‍ ഇങ്ങനെ ചെയ്യാതിരിക്കാന്‍ എന്തു ചെയ്യണമെന്നു ചോദിക്കണം.
ടോയ്ലറ്റ് ട്രെയിനിങ് ഉണ്ടെന്നറിയാം. പക്ഷേ, എങ്ങനെയെന്നറിയില്ല.

അമ്മയുടെ കൈയില്‍നിന്നു ഫോണ്‍ വാങ്ങി ചിറ്റപ്പനെ വിളിച്ചു. അദ്ദേഹം വിശദമായി എങ്ങനെ അവനെ പരിശീലിപ്പിക്കണമെന്നു പറഞ്ഞുകൊടുത്തു. ലിറ്റര്‍ ബോക്സ് വാങ്ങണം. അദ്ദേഹംതന്നെ കടയില്‍ വിളിച്ച് അഡ്രസ് കൊടുക്കാമെന്നേറ്റു.
രാത്രിയില്‍ പപ്പ വന്നപ്പോള്‍ അന്നു നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞുകേള്‍പ്പിച്ചു.
പിപ്പിന്‍റെ കൂടുപണി, ഒരുദിവസംകൊണ്ടു തീരുമെന്ന് അമ്മയോട് പപ്പ പറഞ്ഞു.
“ഫുള്‍ ടൈം ഞാന്‍ പിപ്പിനെ കൂട്ടില്‍ ഇടില്ല കേട്ടോ,” പിങ്ക്ളാങ്കി പറഞ്ഞതിന് ആരും ഉത്തരം പറഞ്ഞില്ല.
പപ്പയും പിപ്പിനെ കുറെ സമയം കളിപ്പിച്ചു.

ടെന്‍ഷന്‍ മാറ്റാന്‍, പെറ്റ്സ് നല്ലതാണെന്ന് എവിടെയോ വായിച്ചെന്നു പപ്പ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
“ഇവന്‍ സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ വേണം ഇതിനെ നോക്കാന്‍, അതാ ഇപ്പോള്‍ എന്‍റെ ടെന്‍ഷന്‍.”
“അമ്മേ പ്ളീസ്, പിപ്പിന്‍ എന്നു വിളിക്കൂ.”
അമ്മ ചിരിച്ചിട്ട് പറഞ്ഞു: “പിങ്ക്ളാങ്കിയെയും പിപ്പിനെയും വിളിക്കുമ്പോള്‍ തെറ്റിപ്പോകുമോ എന്നാണ് എനിക്കു വേറൊരു ടെന്‍ഷന്‍.”
“നിന്‍റെ അമ്മയുടെ ഒരു കാര്യം.” പപ്പാ ചിരിച്ചുകൊണ്ടു പറഞ്ഞു.
ഷാജിച്ചയാന്‍ ഫോണ്‍ വിളിച്ചതുകൊണ്ട് ആ സംസാരം അവിടെ നിന്നു.
പപ്പയും അമ്മയും കാണാതെ അവന്‍ ഒരിക്കല്‍ക്കൂടി മാലാഖമാരുടെ അടുത്തുപോയി. ലൈറ്റ് ഇട്ടിട്ടില്ലെങ്കിലും ആ മുറി പ്രകാശമാനമായിരുന്നു.
ഉറങ്ങാന്‍ തനിയെ കിടന്നാല്‍ മതിയെന്നു വിചാരിച്ചെങ്കിലും പിപ്പിനെ തനിയെ കിടത്താന്‍ മനസ്സുവന്നില്ല.

തുടരും ….

പുഷ്പമ്മ ചാണ്ടി, ചെന്നൈ

പിങ്ക്ളാങ്കിയും അഞ്ച് മാലാഖമാരും

Send your news and Advertisements

You may also like

error: Content is protected !!