കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മര്യാദകൾ പാലിക്കണമെന്നും ‘ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്‘ എന്നും പിണറായി വിജയൻ തിരിച്ചടിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല എന്നും പിണറായി വിജയൻ പറഞ്ഞു.
‘നീ പോ മോനേ വിജയാ’– തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോഹൻലാൽ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് പിണറായി വിജയനെ രേവന്ത് റെഡ്‌ഡി വിമർശിച്ചിരുന്നു. നേമത്തെ സ്‌ഥാനാർഥി കെ.എസ്. ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു വിമർശനം. പിണറായി വിജയൻ എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ശമ്പളവും പെൻഷനും നിരന്തരം മുടക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവഹണത്തിൻ്റെ പാഠങ്ങൾ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

