ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം ഓഗസ്റ്റ് 09 ശനിയാഴ്ചയാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസത്തിന് മുന്നേയാണ് പിള്ളോരോണം ആഘോഷിക്കുന്നത്. ഓണം പോലെ പിള്ളേരോണവും തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് ആചരിക്കുന്നത്. പണ്ടുകാലങ്ങളില്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നത്രേ.
കുട്ടികളുടെ ഓണമായ കർക്കടകത്തിലെ പിള്ളേരോണം ആവണിയവിട്ടം എന്നും അറിയപ്പെടുന്നുണ്ട്. ഈ ദിവസം ആണ് ആചാര പ്രകാരം ബ്രാഹ്മണർക്കിടയിൽ പൂണൂൽ മാറ്റുന്ന ചടങ്ങുനടത്തുന്നത്. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്. വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു സങ്കല്പവുമുണ്ട്. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം തന്നെ പിള്ളേരോണത്തിൽ തുടങ്ങി 28 ദിവസമായിരുന്നു. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു. ഒരിക്കൽ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്ന് ഒരു കേട്ടുകേൾവി മാത്രമായി മാറിയിരിക്കുകയാണ്.