ന്യൂഡൽഹി: ബിഹാറിലെ ജനങ്ങൾ എൻഡിഎ സർക്കാരിൽ വിശ്വാസം അർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാർ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.
വികസനം പുതിയ തലത്തിൽ എത്തിക്കുമെന്ന് ബിഹാറിൽ വന്ന് വാഗ്‌ദാനം നൽകിയിരുന്നു. മഹിള, യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളിക്കളഞ്ഞുവെന്നും ജനാധിപത്യത്തിൻ്റെ വിജയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തു. സമാധാനപരമായിട്ടാണ് ബിഹാറിൽ വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടി വന്നില്ല എന്നത് നേട്ടമാണ്. എസ് ഐആറിനെയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവരും ഇത്തവണ പരാജയപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവർക്കൊപ്പവും ജനം നിന്നില്ല.
ജനത്തിന് വേണ്ടത് വേഗത്തിലുള്ള വികസനം മാത്രമാണ്. അടുത്ത 5 വര്‍ഷം ബിഹാര്‍ അതിവേഗം വളരും. ബിഹാറിലെ യുവാക്കള്‍ക്ക് അവിടെ തന്നെ ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ബിഹാർ വികസനത്തിൽ കുതിക്കുകയാണ്. കോൺഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോർ ഇപ്പോൾ ചരിത്രമായി. മാത്രമല്ല ബിജെപി ഒരു തിരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ആറ് തിരഞ്ഞെടുപ്പിലും കൂടി കോൺഗ്രസ് നേടിയില്ലെന്ന് മോദി പരിഹസിച്ചു. നാല് സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. കോൺഗ്രസിന്റെ ആദർശം നെഗറ്റീവ് പൊളിറ്റിക്സാണ്. ഇവിഎമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്ന് പറഞ്ഞ് മോദി രാഹുൽ ഗാന്ധിയെയും പരോക്ഷമായി വിമർശിച്ചു. കേരളത്തിൽ അടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഊർജം ബിഹാർ നൽകുന്നു. കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് ബാധ്യതയാണ്. ബംഗാളിലെ ബിജെപിയുടെ വിജയത്തിൻ്റെ വഴി ബിഹാർ നിർമിച്ചുവെന്നും മോഡി പറഞ്ഞു.
ബിഹാറിലെ 243 സീറ്റിൽ 202 സീറ്റിലും വിജയം ഉറപ്പിച്ചാണ് എൻഡിഎയ്ക്ക് ഭരണതുടർച്ച ലഭിച്ചത്. ഇന്ത്യാ സഖ്യം 34 സീറ്റുകളിൽ ഒതുങ്ങി. മറ്റ് കക്ഷികൾ ആറ് സീറ്റിലും വിജയിച്ചു. എൻഡിഎ നേടിയ 203 സീറ്റിൽ ബിജെപി 89 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ജെഡിയു 85 സീറ്റുകൾ നേടി രണ്ടാമതെത്തി. എൽജെപി 19 സീറ്റുകൾ നേടി. മറുവശത്ത് ഇന്ത്യ സഖ്യം 34 സീറ്റുകൾ മാത്രം നേടിയപ്പോൾ ആർജെഡി 25, കോൺഗ്രസ് ആറ് എന്നിങ്ങനെയാണ് പ്രധാന കക്ഷികളുടെ പ്രകടനം. എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളും, ബിഎസ്‌പി ഒരു സീറ്റും നേടി.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള സോഷ്യലിസ്റ്റ് ബിഹാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയെന്നത് ബിജെപിയുടെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2020-ൽ 74 സീറ്റാണ് ബിജെപി നേടിയത്. 75 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ പാർട്ടിയായി. 2020ൽ 43 സീറ്റ് മാത്രമാണ് ജെഡിയു നേടിയതെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി സമ്മതം മൂളി.
ഇരട്ട എൻജിൻ സർക്കാരെന്ന ദൗത്യവുമായി എത്തിയ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രചാരണം ബിഹാറിൽ ഫലം കണ്ടു. മോദി ഇഫക്ട് , ബിഹാറിലും മേൽക്കൈ നൽകിയെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. തുടക്കത്തിൽ നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടാൻ ബിജെപി തയാറായിരുന്നില്ലെങ്കിലും നിതീഷ് ഫാക്ടർ, നേട്ടമാകുമെന്ന വിലയിരുത്തലിൽ ബിജെപി എത്തിച്ചേർന്നു. നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രി എന്നുറപ്പിച്ചു പറയാൻ ബിജെപി തയാറായി. ഒഡിഷ, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മേൽക്കൈ നേടുകയെന്നത് ബിജെപിയുടെ വലിയ ലക്ഷ്യമാണ്. ഒഡിഷയിൽ ഇതാദ്യമായി ഭരണം പിടിച്ച ബിജെപി , ഇപ്പോൾ ബിഹാറിലെ ഏറ്റവും വലിയ പാർട്ടിയായി. ബിഹാറിന് ശേഷം ബംഗാളെന്നാണ് ബിജെപി പ്രഖ്യാപനം.



