വാഷിങ്ടൺ: ഇന്തോ-ചൈന അതിർത്തിയിൽ (LAC) കിഴക്കൻ ലഡാക്കിന് പുറമെ അരുണാചൽ പ്രദേശും ഒരു പുതിയ സംഘർഷ മേഖലയായി ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) റിപ്പോർട്ട്. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് മേൽ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും ഇന്ത്യ-ചൈന അതിർത്തിയിൽ ഇത് സംഘർഷത്തിന് ഇടയാക്കിയേക്കാമെന്നും ആണ് പെന്റഗൺ യു.എസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
2049 ലക്ഷ്യമാക്കി ചൈന നടത്തുന്ന ഗ്രേറ്റ് റജുവനേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി തായ് വാൻ, ദക്ഷിണ ചൈനാ കടലിലെ മറ്റ് പ്രാദേശിക പ്രദേശങ്ങൾ എന്നിവയ്ക്കൊപ്പമാണ് അരുണാചൽ പ്രദേശും അവകാശപ്പെടുന്നത്. ആഗോള തലത്തിൽ പ്രവർത്തിക്കാനും പോരാടാനും വിജയിക്കാനും കഴിവുള്ള ലോകോത്തര സൈനിക ശക്തി രൂപപ്പെടുത്താനും ചൈന ലക്ഷ്യമിടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ സൈനിക പിന്മാറ്റം ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ഒരു കരാറിലെത്തിയിരുന്നു. എന്നാൽ, മാസങ്ങളോളം നീണ്ട ശാന്തതയ്ക്ക് ശേഷം അടുത്തിടെ അരുണാചൽ പ്രദേശിൽ സംഘർഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. അടുത്തിടെ അരുണാചൽ പ്രദേശിനെ ചൊല്ലിയുള്ള ചൈനയുടെ കർശനമായ നിലപാട് വ്യക്തമാക്കുന്ന ഒരു സംഭവം വലിയ ചർച്ചയായിരുന്നു. ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ പൗരയായ പ്രേമ തോങ്ഡോക്കിനെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ 18 മണിക്കൂറോളം തടഞ്ഞുവെച്ചു. ഇന്ത്യൻ പാസ്പോർട്ടിൽ ജനനസ്ഥലം ‘അരുണാചൽ പ്രദേശ്’ എന്ന് രേഖപ്പെടുത്തിയതായിരുന്നു ഇതിന് കാരണം. ഉദ്യോഗസ്ഥർ അവരുടെ പാസ്പോർട്ട് അസാധുവാണെന്ന് വാദിക്കുകയും, അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായും പ്രേമ ആരോപിച്ചു. ഒടുവിൽ ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലാണ് യുവതിക്ക് മോചനം ലഭിച്ചത്.
അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് എക്കാലവും ചൈന അവകാശം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണ ടിബറ്റ് അല്ലെങ്കിൽ സാംഗ്‌നാൻ എന്നാണ് ഈ മേഖലയെ ചൈന വിശേഷിപ്പിക്കുന്നത്. 1914-ൽ ബ്രിട്ടീഷുകാർ വരച്ച മക്മോഹൻ രേഖ (McMahon Line) ചൈന അംഗീകരിക്കുന്നില്ല. അന്ന് ബ്രിട്ടനും സ്വതന്ത്രമായിരുന്ന ടിബറ്റും അംഗീകരിച്ചിരുന്ന അതിർത്തി നിർണയമാണ് ചൈന ചോദ്യം ചെയ്യുന്നത്. മുഴുവൻ അരുണാചലും, പ്രത്യേകിച്ച് തവാങും, ചൈനക്ക് വളരെ പ്രധാനപ്പെട്ട പ്രദേശങ്ങളാണ്. ആദ്യകാലങ്ങളിൽ തവാങിൽ മാത്രമാണ് ചൈന അവകാശം ഉന്നയിച്ചത്. പിന്നീട് സംസ്ഥാനം മുഴുവനായും അവകാശപ്പെട്ടു. അതിനുശേഷം, ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഇടയ്ക്കിടെ അരുണാചലിലെ സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തു വിട്ടിരുന്നു.



