Wednesday, November 5, 2025
Mantis Partners Sydney
Home » ത്രിമൂർത്തികളിൽ ഒരാൾ; പക്ഷെ, പട്ടേലിനെ മറന്നു
ത്രിമൂർത്തികളിൽ ഒരാൾ; പക്ഷെ, പട്ടേലിനെ മറന്നു

ത്രിമൂർത്തികളിൽ ഒരാൾ; പക്ഷെ, പട്ടേലിനെ മറന്നു

by Editor

സ്വതന്ത്ര ഭാരതത്തെക്കുറിച്ച് ചിന്തിക്കുന്നവരുടെ മനസ്സിൽ രാഷ്ട്രപിതാവ് മഹാത്മഗാന്ധി, രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവർലാൽ നെഹ്റു, പ്രഥമ രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദ് തുടങ്ങിയവരുടെയൊക്കെ പേരായിരിക്കും ആദ്യം കടന്നുവരിക. പിന്നെ ലാൽ ബഹാദൂർ ശാസ്ത്രിയും താഷ്ക്കൻ്റ് ഉടമ്പടിയും ഒർമ്മിക്കും. ചൈനയുമായി 1965-ൽ നടന്ന യുദ്ധത്തെക്കുറിച്ച് പഠിക്കുന്നവർ, പ്രത്യേകിച്ചു മലയാളികൾ പ്രതിരോധ മന്ത്രി വി.കെ. കൃഷ്‌ണമേനോനെ അനുസ്മരിക്കും, പ്രതിപക്ഷ നേതാവ് നമ്മുടെ എ.കെ ഗോപാലൻ എന്ന എ.കെ.ജി യേയും അറിയാം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വാജ്‌പേയ്‌യും നരേന്ദ്രമോദിയും ഒക്കെ നിറഞ്ഞുനിന്നൊരു യുഗമാണ് അടുത്തത്. ഇവർക്കെല്ലാം മധ്യേ നമ്മുടെ ഭരണഘടനാ ശില്‌പിയായി ഡോ. ബി.ആർ. അംബേദകർ ജ്വലിച്ചു നിൽക്കുന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിനപ്പുറം നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ അക്രമണശൈലിയെ അഥവാ യുദ്ധം ചെയ്‌തും സ്വാതന്ത്രം നേടണമെന്ന ചിന്തയെ ഇഷ്‌ടപ്പെടുന്നവർ ഇന്നത്തെ യുവാക്കൾക്കിടയിലും ഉണ്ടാകും. സുഭാഷ് ബോസിൻ്റെ ഇന്ത്യൻ നാഷണൽ ആർമി(ഐ.എൻ.എ) യെക്കുറിച്ച് കേട്ടിട്ടുണ്ടാകും.

പക്ഷെ ഇവർക്കെല്ലാം ഇടയിൽ, നിശബ്ദനായി, പൊതുവേ ഉൾവലിഞ്ഞുനിന്നു ചാണക്യകൗശലത്തോടെ കരുക്കൾ നീക്കിയൊരു ഉപപ്രധാന മന്ത്രിയുണ്ടായിരുന്നു ഇന്ത്യയ്ക്ക്. സർദാർ വല്ലഭായ് ഝാവർ ഭായ് പട്ടേൽ എന്ന സർദാർ പട്ടെൽ. ഗുജറാത്തുകാരനായ പട്ടേലിനെക്കുറിച്ച് പുതിയ തലമുറ ഒരു പക്ഷെ ആദ്യം കേൾക്കുന്നത്, അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ, നർമ്മദയിൽ അദ്ദേഹത്തിന്റെ പടുകൂറ്റൻ പ്രതിമ നരേന്ദ്രമോദി രാഷ്ട്രത്തിന് സമർമ്മിച്ചപ്പോൾ ആകും.

ഐക്യത്തിന്റെ പ്രതിമ (സ്റ്റാറ്റു ഓഫ് യൂണിറ്റി) 2018 ഒക്ടോബർ 31-ന് ഉദ്ഘാടനം ചെയ്തത് പട്ടേലിന്റെ 143-ാം ജന്മദിനത്തിലായിരുന്നു. സ്വതന്ത്ര ചരിത്ര ഭാരതത്തിൽ നെഹ്റു കുടുംബത്തിന്റെ ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഈ യജ്ഞത്തിന് ചുക്കാൻ പിടിച്ചത് എന്ന വാദം ഉയർന്നു സ്വാഭാവികം.

പക്ഷെ രാഷ്ട്രീയ വിവാദങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നു, തീർത്തും സ്വതന്ത്രമായി ചിന്തിച്ച സർദാർ പട്ടേലിന് അർഹമായ അംഗീകാരമെന്ന് സമ്മതിക്കും. പ്രതിമയുടെ ഉയരവും അതിന് ചെലവിട്ട കോടികളും വിമർശനം ക്ഷണിച്ചു വരുത്തിയിരിക്കാം. എന്നാൽ, സർദാർ പട്ടേൽ ആരായിരുന്നു എന്ന് പഠിക്കുവാനും ചിന്തിക്കുവാനും പുതിയ തലമുറയെ ഇത് പ്രേരിപ്പിച്ചു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.

ഉപപ്രധാന മന്ത്രി എന്ന ആലങ്കാരിക പദവിയല്ല; കരുത്തനായ ആഭ്യന്തര മന്ത്രി എന്ന പദവിയാണ് ചരിത്രം സർദാർ പട്ടേലിന് സമ്മാനിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടി, പാകിസ്ഥാൻ വേർപെട്ട്, നാട്ടു രാജ്യങ്ങളുടെ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞൊരു കാലത്ത് ഐക്യഭാരത സ്വപ്‌നവുമായി അതീവ ജാഗ്രതയോടെയും കുശാഗ്രബുദ്ധിയോടെയും പട്ടേൽ പ്രവർത്തിച്ചു.

ഭരണകർത്താക്കളുടെ ലിസ്റ്റ് ചോദിച്ച മൗണ്ട് ബാറ്റന് പണ്‌ഡിറ്റ് നെഹ്റു കവറിലിട്ടു നൽകിയത് ഒന്നും എഴുതാത്ത വെള്ളക്കടലാസ് ആയിരുന്നത്രെ. ചോദിച്ചപ്പോൾ “ഞങ്ങൾക്ക് പ്രക്ഷേഭം നടത്തിയെ പരിചയമുള്ളു ഭരണ പരിചയമില്ല”. എന്നു നെഹ്റു പറഞ്ഞു മൗണ്ട് ബാറ്റൻ പൊട്ടിച്ചിരിച്ചതുമായ കഥ വായിച്ചത് ഓർത്തുപോകുന്നു. അത്തരമൊരു അവസ്ഥയിലായിരുന്നു ഇന്ത്യ. അതിൽ നിന്നാണ് കരുത്തുറ്റ ഭാരതം കെട്ടിപ്പടുക്കുവാൻ നെഹ്റുവിന് പിന്നിൽ നിന്ന് ഉറച്ച പിന്തുണ നൽകിയത് സർദാർ പട്ടേൽ ആണ്.

അതിർത്തി പ്രശ്‌നങ്ങളേക്കാൾ ആഭ്യന്തര പ്രശ്‌നങ്ങളാണ് തുടക്കത്തിൽ ഇന്ത്യയെ അലട്ടിയത്. ചെറിയ ചെറിയ ലഹളകളും നാട്ടുരാജാക്കന്മാരുടെ അധികാരമോഹവുമെല്ലാം സർദാർ പട്ടേലിന്റെ മനോവീര്യത്തിനും ആജ്ഞാശക്തിക്കും മുമ്പിൽ ഒന്നൊന്നായി ഇല്ലാതായി. പക്ഷെ ഒരിക്കലും അദ്ദേഹം ഗാന്ധിജിക്കും നെഹ്റുവിനുമൊപ്പം ഒരു സ്ഥാനത്തിനായി യത്നിച്ചില്ല. ചരടു വലിച്ചില്ല. പക്ഷെ ആഭ്യന്തര സുരക്ഷയുടെ കടിഞ്ഞാണ് അദ്ദേഹം നെഞ്ചോട് ചേർത്തു പിടിച്ചു.

പട്ടേൽ പ്രതിമ അനാച്ചാദനം ചെയ്യപ്പെട്ടപ്പോൾ പഴയ തലമുറയിൽ അവശേഷിക്കുന്ന് അതൊരു ഓർമ്മപുതുക്കലായി. ഉത്തരേന്ത്യക്കപ്പുറം അറിയപ്പെടാതെ പോയ വല്ലഭായ് പട്ടേൽ രാജ്യമെങ്ങും ചർച്ച ചെയ്യപ്പെട്ടു.

പട്ടേലിന്റെ ചെറിയ പൂർണ്ണകായ പ്രതിമകളും അർധകായ പ്രതിമകളും ഗുജറാത്തിനപ്പുറം പലയിടങ്ങളിലും കാണാം. വിരലിൽ എണ്ണാവുന്ന സ്റ്റേഡിയങ്ങളും കാണാം. പക്ഷെ അതിനപ്പുറം ഒരു അംഗീകാരം അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചിട്ടില്ല. അതിൻ്റെ കാരണം പലതാകാം.

പട്ടേലും നെഹ്റുവും വളർന്നു വന്ന പശ്ചാത്തലം വ്യത്യസ്‌തമാണ്. കുടുംബ പാരമ്പര്യവും ഏറെ വ്യത്യസ്തമാണ്. സോഷ്യലിസത്തിൻ്റെ വ്യക്താവാണെങ്കിലും ജവഹർലാൽ നെഹ്റു പാശ്ചാത്യ സംസ്ക്‌കാരത്തിലാണ് വളർന്നത്. പട്ടേൽ സ്വന്തം ശ്രമഫലമായി ഇംഗ്ലണ്ടിൽ പഠിച്ചു മടങ്ങിയെത്തിയെങ്കിലും ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നും തെല്ലും വ്യതിചലിച്ചില്ല.

പട്ടേലിന്റെ കർക്കശ സ്വഭാവം മൗണ്ട് ബാറ്റനും അറിയാം. പലകാര്യങ്ങളിലും പട്ടേലിനെ അനുനയിപ്പിക്കാൻ മൗണ്ട് ബാറ്റൻ വിഷമിച്ചിരുന്നു. സ്വാതന്ത്ര സമരപോരാട്ടത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഈ കർക്കശക്കാരൻ്റെ പങ്ക് അറിഞ്ഞവരാണ് അദ്ദേഹത്തെ ഭാരതത്തിന്റെ ‘ഉരുക്ക് മനുഷ്യൻ’ ആയി വിശേഷിപ്പിച്ചത്. ഒട്ടും അതിശയോക്തി കലരാത്ത വിശേഷണം.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!