ന്യൂഡൽഹി: യാത്ര വിമാനങ്ങളുടെ നിർമ്മാണത്തിനായി ഇന്ത്യൻ കമ്പനിയും റഷ്യൻ കമ്പനിയും തമ്മിൽ കൈക്കൊർക്കുന്നു. ഇതിന് മുന്നോടിയായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി ധാരണയായി. ആഭ്യന്തര യാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും ഉപയോഗിക്കാൻ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ എസ്ജെ 100 എന്ന വിമാനമാണ് നിർമ്മിക്കുക. ധാരണാപത്രം അനുസരിച്ച് ആഭ്യന്തര ഉപയോക്താക്കൾക്കായി വിമാനം നിർമിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും. നിലവിൽ ഇരുനൂറിലധികം എസ്ജെ 100 വിമാനങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. പതിനാറ് എയർലൈൻ ഓപ്പറേറ്റർമാർ അവ ഉപയോഗിക്കുന്നുമുണ്ട്.
ഇന്ത്യയിൽ കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്നാണ് എച്ച്എഎൽ അവകാശപ്പെടുന്നത്. 1988-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ യാത്രാ വിമാനം നിർമിക്കുന്നത്. മോസ്കോയിൽ നടന്ന ചടങ്ങിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചതായി എച്ച്എഎൽ അറിയിച്ചു. രാജ്യത്തിന്റെ വ്യോമയാന വ്യവസായത്തിൽ നിർണ്ണായക നീക്കമാണ് ഇത്. ഇന്ത്യയുടെ യാത്രാ വിമാന നിർമ്മാണ ശേഷി വർധിപ്പിക്കുക എന്നതാണ് പുതിയ കരാറിന്റെ ലക്ഷ്യം. ‘ഒരു സമ്പൂർണ യാത്രാ വിമാനം ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ആദ്യത്തെ സന്ദർഭം കൂടിയായിരിക്കും ഇത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഭ്യന്തര യാത്രകൾക്കായി വ്യോമയാന മേഖലയ്ക്ക് ഇരുനൂറിലധികം ഇത്തരം നാരോ-ബോഡി ജെറ്റുകൾ ആവശ്യമായി വരും. സിവിൽ ഏവിയേഷൻ മേഖലയിൽ ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണിത്’ – എച്ച്എഎൽ പ്രസ്‌താവനയിൽ പറഞ്ഞു.
യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ്റെ വെബ്സൈറ്റിലെ വിശദാംശങ്ങൾ അനുസരിച്ച്, എസ്ജെ 100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ 3,530 കിലോ മീറ്റർ ദൂരംവരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവർത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതൽ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള എല്ലാ കാലാവസ്ഥാ മേഖലകളിലും പ്രവർത്തിക്കാനുള്ള കഴിവും ഇതിനുണ്ട്. 2025 ഡിസംബറിൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പുതിയ കരാർ യാഥാർത്ഥ്യമായത്.
 



