ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ കൊൽക്കത്ത നഗരത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യ ഒരു ‘ഫോൾസ് ഫ്ളാഗ്’ ഓപ്പറേഷന് മുതിർന്നാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ നീളും. പാക്കിസ്ഥാന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണായകവും ആയിരിക്കുമെന്നും ഖ്വാജ ആസിഫ് ഭീഷണി മുഴക്കി.
ഇന്ത്യ സ്വന്തം ഏജൻറുമാരെയോ പാക്കിസ്ഥാൻ തടവുകാരെയോ ഉപയോഗിച്ച് അതിക്രമങ്ങൾ ആസൂത്രണം ചെയ്യുകയും അതിൻ്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻറെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയുമാണെന്ന് പാക് മന്ത്രി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും പുറത്ത് വിട്ടിട്ടുമില്ല.
പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു അവിവേകത്തിനും അഭൂതപൂർവവും നിർണായകവുമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പാക്കിസ്ഥാൻ്റെ ഭീഷണി. കഴിഞ്ഞ വർഷം പഹൽഗാമിൽ പാക് പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പഹൽഗാം ആക്രമണം ഇരു രാജ്യങ്ങൾക്കുമിടയിൽ നാല് ദിവസത്തെ സൈനിക സംഘർഷത്തിന് കാരണമായിരുന്നു.
പാക് ഭീകരവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ നിലവിൽ നിർത്തിവെച്ചിരിക്കുകയാണെന്നും എന്നാൽ അത് അവസാനിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരും പാക് സൈനിക നേതൃത്വവും തമ്മിൽ ഇന്ത്യ വ്യത്യാസമൊന്നും കാണുന്നില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
നേരത്തെ പാകിസ്ഥാൻ്റെ ആണവായുധ ശേഖരത്തിന് അമേരിക്കയിൽ നിന്ന് ഭീഷണി നേരിട്ടാൽ ഇന്ത്യയിലെ മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിടണമെന്ന് മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് ഭീഷണി മുഴക്കിയിരുന്നു.
ഭീകരതയുടെ സുരക്ഷിത താവളമായി പാക്കിസ്ഥാൻ തുടരുന്നു എന്ന് യുഎസ് കോൺഗ്രഷണൽ റിപ്പോർട്ട്

