കാശ്മീർ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെ പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി വിവരം. നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. നൗഷെരയ്ക്ക് പുറമെ രജൗരി, സാംബ, പൂഞ്ച് എന്നിവിടങ്ങളിലും ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
വൈകിട്ട് ആറരയ്ക്കും ഏഴരയ്ക്കുമിടയിലാണ് സംഭവം. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസര്‍ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ഗനിയ-കല്‍സിയാന്‍ ഗ്രാമത്തിന് മുകളിലാണ് ആദ്യം ഡ്രോണ്‍ കാണപ്പെട്ടത്. ഉടനെ സൈന്യം വെടിയുതിര്‍ത്തു. ഇതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ തിരിച്ചുപോയി എന്നാണ് റിപ്പോർട്ടുകൾ. ഡ്രോണുകൾ ആയുധങ്ങളോ മയക്കുമരുന്നോ വർഷിച്ചിട്ടുണ്ടോ എന്നറിയാൻ സൈന്യം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരായുള്ള ഭീഷണി ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍ സംഘടനയിലുണ്ടെന്നാണ് അവകാശവാദം. പ്രതിഫലം ആഗ്രഹിച്ചല്ല, ചാവേറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രക്തസാക്ഷിത്വമാണ് ആഗ്രഹിക്കുന്നതെന്നും ആണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. തന്റെ പക്കലുള്ള ചാവേറുകളുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയാല്‍ ലോകമാധ്യമങ്ങളില്‍ അത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.
2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ മുഖ്യസൂത്രധാരനാണ് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹർ. 2019 മുതൽ ഇയാൾ പരസ്യമായി രംഗത്തെത്തിയിട്ടില്ല. ബഹാവൽപ്പൂരിലെ ജെയ്ഷെ ആസ്ഥാനത്തിന് നേരെ നേരത്തെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിൽ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് പുതിയ ഭീഷണി എന്നാണ് വിവരം.



