കാബൂൾ: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലെ ജനവാസ മേഖലകളിലാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.
അഫ്ഗാനിസ്ഥാനിലെ ഉർഗൂൺ ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ അടക്കം പത്ത് പേരാണ് കൊല്ലപ്പെട്ടത്. താരങ്ങളുടെ മരണത്തെത്തുടർന്ന് പാക്കിസ്ഥാൻ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിൻമാറി. പ്രാദേശിക താരങ്ങളായ കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നിവർ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. അടുത്ത മാസം അഞ്ച് മുതൽ 29 വരെയായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര പാക്കിസ്ഥാനിൽ നടക്കേണ്ടിയിരുന്നത്. ആക്രമണത്തെ അപലപിച്ച അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാൻ്റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറാനുള്ള അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനത്തോട് പൂർണമായും യോജിക്കുന്നുവെന്നും പാക്കിസ്ഥാൻ്റെ നടപടി പ്രാകൃതമാണെന്നും അഫ്ഗാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ വ്യക്തമാക്കി.
അതിർത്തിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. സംഘർഷത്തിൽ ഇരുവശത്തും ആൾനാശമുണ്ടായിരുന്നു. പിന്നീട് ഇരു സൈന്യങ്ങളും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത് സംഘർഷങ്ങളിൽ അയവുവരുത്തുമെന്ന് കരുതിയെങ്കിലും പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രണം വീണ്ടും സ്ഥിതിഗതികൾ രൂക്ഷമാക്കുകയായിരുന്നു.



