Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ
പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ

പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ

by Editor
Send your news and Advertisements

തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവറും ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനുവും യുഡിഎഫിൽ. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി.

ഓഗസ്റ്റിലാണ് സി.കെ ജാനുവിൻ്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജാനു മുന്നണി വിട്ടത്. യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു പറഞ്ഞു. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനം സ്വീകരിക്കുന്നു. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു വയനാട്ടിൽ പറഞ്ഞു. 9 വർഷമായി തുടരുന്നതു ജനവിരുദ്ധ സമീപനമാണ്. നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ് എന്നും ജാനു പറഞ്ഞു.

സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച പി.വി അൻവർ തദ്ദേശ തിതരഞ്ഞെടുപ്പിന് മുൻപ് തന്നെ തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ UDF 100 സീറ്റിന് മുകളിൽ നേടുമെന്ന് പി വി അൻവർ പറഞ്ഞു. ഇന്ന് സന്തോഷകരമായ ദിവസം. ഇടതുപക്ഷ MLA സ്ഥാനം രാജിവെച്ച ശേഷം ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന പാവപ്പെട്ട സഖാക്കൾ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായിസത്തിനെതിരെ വോട്ട് ചെയ്യും. കേരളത്തിലെ ആരും അംഗീകരിക്കാത്ത പച്ച വർഗീയത പറയുന്ന വെള്ളാപ്പള്ളിയേ തോളിൽ കേറ്റിയാണ് പിണറായി നടക്കുന്നത്. കേരളത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ കടയിൽ കത്തിവെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങൾ ആണ് പിണറായിക്ക് എതിരെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. UDF നേതൃത്വം പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കും. മത്സരിക്കേണ്ട, ക്യാമ്പയിനർ ആയാൽ മതി എന്ന് പറഞ്ഞാൽ ക്യാമ്പയിനർ ആയി നിൽക്കുമെന്നും പി വി അൻവർ വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ഇതിന് മുന്നോടിയായി മുന്നണി വിപുലീകരിച്ച് കൂടുതൽ ശക്തമായി പ്രചാരണ രംഗത്തേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും യുഡിഎഫിൽ എടുക്കാൻ തീരുമാനിച്ചത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കേരള കോൺഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചർച്ചയില്ലെന്നാണ് തീരുമാനം. സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കി നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിയ്ക്കാനാണ് യോഗത്തിലുണ്ടായ ധാരണ.

You may also like

error: Content is protected !!