അടച്ചിട്ട മുറിയില്‍, ലൈറ്റ് പോലും ഇടാതെ, അരണ്ട വെളിച്ചത്തില്‍ പുസ്തകം വായിച്ചിരുന്ന പിങ്ക്ളാങ്കി അമ്മ പല പ്രാവശ്യം തന്നെ വിളിച്ചത് അറിഞ്ഞില്ല. ദേഷ്യത്തില്‍ വാതില്‍ തുറന്ന് അമ്മ ചോദിച്ചു:
“ഐവാനേ, നീ അവിടെ എന്തെടുക്കുകയാണ്? എത്ര നേരമായി നിന്നെ വിളിക്കുന്നു?”
അമ്മ ചെല്ലപ്പേരു മാറ്റി തന്‍റെ പേരുവിളിച്ചാല്‍ അപ്പോള്‍ ഓര്‍ക്കണം അമ്മയ്ക്ക് ദേഷ്യമാണെന്ന്.
അമ്മയെ ഒറ്റവാക്കുകൊണ്ടു മയക്കാന്‍ അവനറിയാം.
“എന്‍റെ ഗോള്‍ഡന്‍ മദര്‍, പൊന്നമ്മേ, പുസ്തകം വായിക്കുന്നതില്‍ ശ്രദ്ധിച്ചുപോയി, വിളിച്ചതു കേട്ടില്ല.”
“മതിമതി, പുന്നാരം, വേഗം താഴോട്ടു വാ.”
‘അതെന്തിനാ അമ്മേ?’
“എന്തിനാണെന്ന് അറിഞ്ഞാലേ നീ വരൂള്ളൂ?’
അമ്മ അത്ര നല്ല മൂഡിലല്ല, അധികം കാര്യങ്ങള്‍ ചോദിക്കാതെ താഴോട്ടുപോകുന്നതാണു നല്ലത്.
“നീ വേഗം ചെന്ന് സിസിലിയെ ഒന്നു വിളിച്ചോണ്ട് വാ.”
“സിസിലിയാന്‍റിയെ ഫോണ്‍ വിളിച്ചാല്‍ പോരേ?”
“അവളുടെ ഫോണ്‍ താഴെവീണു ഡിസ്പ്ലേ പോയി, നന്നാക്കാന്‍ കൊടുത്തിരിക്കുകയാണ്.”
“വരാന്‍ പറഞ്ഞത് എന്തിനാണെന്ന് ആന്‍റി ചോദിച്ചാല്‍ എന്തു പറയണം.”
“നിന്‍റെ ചേട്ടന്‍റെ മുറി ഒഴിഞ്ഞുകിടക്കുകയല്ലേ? അതൊന്നു തൂത്തുവാരി വൃത്തിയാക്കണം, ഒരു മണിക്കൂര്‍ നേരത്തെ പണിയേയൊള്ളൂ എന്നു പറയണം.”
എന്തിനാണോ ഇപ്പോള്‍ ചേട്ടന്‍റെ മുറി വൃത്തിയാക്കുന്നത്? കൂടുതല്‍ ചോദിച്ച് അമ്മയെ ദേഷ്യം പിടിപ്പിക്കേണ്ട എന്നു കരുതി അവന്‍ സിസിലിയാന്‍റിയുടെ വീട്ടിലേക്കോടി.
ഒരു വളവു തിരിഞ്ഞാല്‍ വീടായി. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അമ്മയെ സഹായിക്കാന്‍ ആന്‍റി വരും.
ഐവാന്‍ എന്ന പിങ്ക്ളാങ്കി ആശയുടെയും ഫിലിപ്പിന്‍റെയും ഇളയ മകനാണ്. വയസ്സ് ഒമ്പത്, നാലാം ക്ലാസ്സില്‍ പഠിക്കുന്നു. മൂത്തവന്‍ ഉണ്ണിയെന്നു വിളിപ്പേരുള്ള ബെഞ്ചമിന്‍. അവന് 27 വയസ്സ്, കല്യാണം കഴിഞ്ഞു മൈസൂരില്‍ ഒരു കോളജില്‍ പഠിപ്പിക്കുന്നു. രണ്ടാമത്തേതു പെണ്‍കുട്ടിയാണ് – പൂജ എന്ന പൊന്നു. അവള്‍ക്ക് 24 വയസ്സായി. കെമിസ്ട്രി പിജി അവസാനവര്‍ഷം. നമ്മുടെ ഐവാന്‍ അവന്‍റെ അമ്മയുടെ നാല്പതാം വയസ്സിലാണ് ഉണ്ടായത്. ആദ്യം എല്ലാവര്‍ക്കും ഒരു ഞെട്ടലുണ്ടായെങ്കിലും എല്ലാവരും അവനെ ഓമനിച്ചു പിങ്ക്ളാങ്കി എന്നു വിളിച്ചു. ഒരിടത്തും കേട്ടിട്ടില്ലാത്ത ചെല്ലപ്പേരു വേണമെന്ന് ചേച്ചിക്കായിരുന്നു നിര്‍ബന്ധം. നല്ല വെളുത്ത്, റോസ് നിറത്തിലുള്ള അവന്‍റെ മുഖവും പാദവും വിരലുകളുമൊക്കെ കണ്ടിട്ടാണ് ചേച്ചി അങ്ങനെ വിളിച്ചത്: പിങ്ക്ളാങ്കി.
ഒരു മധ്യവര്‍ഗക്രിസ്തീയകുടുംബം. അപ്പന്‍ ഫിലിപ്പിന് ടൗണില്‍ ഒരു കടയുണ്ട്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നൊന്നും പറയാന്‍ വയ്യ. എന്നാലും ഉപ്പുതൊട്ട് കര്‍പ്പൂരംവരെ അവിടെ കിട്ടും.
അമ്മ ആശ. മൂന്ന് ആങ്ങളമാരുടെ പുന്നാര ആശാമ്മ.
അമ്മവീട്ടുകാര്‍ക്ക്, പരമ്പരയായി ക്രിസ്തിയദേവാലയങ്ങള്‍ക്കുവേണ്ടി രൂപങ്ങളുണ്ടാക്കുന്ന ജോലിയാണ്. ആ ദേശത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും അവരുടെ കൈയാല്‍ മെനഞ്ഞെടുത്ത രൂപങ്ങളാണ്. മാതാവും ഉണ്ണിയേശുവും ഈശോയും പുണ്യാളന്മാരുമൊക്കെ അവരുടെ കൈതൊട്ടാല്‍ ജീവനുള്ളതുപോലെ തോന്നിക്കും. ആശാമ്മയ്ക്കും ആ കലാബോധം കിട്ടിയിട്ടുണ്ട്. അമ്മയുടെ അപ്പച്ചനും അമ്മച്ചിയും ഈ ലോകത്തോടു വിട പറഞ്ഞു. ചേട്ടന്മാരായ ജോസിയും ബെന്നിയും ഷാജിയുമാണ് ഇപ്പോള്‍ ശില്പങ്ങള്‍ ഉണ്ടാക്കുന്നത്.
പിങ്ക്ളാങ്കി ചെന്നപ്പോള്‍ സിസിലിയാന്‍റി തുണി അലക്കുകയായിരുന്നു. ഇട്ടിരുന്ന നെറ്റിയില്‍ കൈ തുടച്ചിട്ട് അവര്‍ ചോദിച്ചു: “എന്നാ മോനേ?”
“അമ്മ പറഞ്ഞു ആന്‍റിയോടു വീട്ടിലേക്കു വരാന്‍.”
“എന്തിനാണെന്നു പറഞ്ഞോ?”
“ഉണ്ണിച്ചേട്ടായിയുടെ മുറി വൃത്തിയാക്കാനാണ്.”
“ആരെങ്കിലും അവിടെ താമസിക്കാന്‍ വരുന്നുണ്ടോ?”
“അമ്മയുടെ മൂഡ് അത്ര ശരിയല്ല, അതുകൊണ്ടു ഞാന്‍ ചോദിച്ചില്ല.”
“ഞാന്‍ ഈ തുണി ഒന്നു വിരിച്ചിട്ടു വരാം, മോന്‍ പൊയ്ക്കോ.”
വീട്ടില്‍ എത്തിയതും അമ്മ ചോദിച്ചു
“സിസിലി വന്നില്ലേ?”
“ആന്‍റി തുണി അലക്കുകയാണ്, ഇപ്പോള്‍ വരും.”
ആന്‍റിയുടെ വീടുവരെ ഓടിപ്പോയിട്ടാണെന്നു തോന്നുന്നു, നല്ല വിശപ്പ്.
“അമ്മേ, എനിക്കു വിശക്കുന്നു, എന്തെങ്കിലും കഴിക്കാന്‍ തരാമോ?”
“നീ ഒരു പത്തു മിനിറ്റ് ക്ഷമിക്ക്, അമ്മ ചോറു തരാം” ഗേറ്റു കടന്ന് ഒരു ചെറിയ ലോറി അകത്തേക്കു വന്നു. ലോറിയില്‍നിന്ന് ജോസിച്ചായന്‍ പുറത്തേക്കിറങ്ങി പിറകെ വന്ന കാറില്‍ ബെന്നിച്ചായനും ഷാജിച്ചായനും. അമ്മയുടെ ഇച്ചായന്മാരെ പിങ്ക്ളാങ്കിയും ഇച്ചായാ എന്നാണ് വിളിക്കാറ്.
ജോസിച്ചായന്‍ അമ്മയോടു പറഞ്ഞു:
“ആശാമ്മോ, എന്തെങ്കിലും തണുത്തതു കുടിക്കാന്‍ എടുത്തോ, ഐവാനേ നിനക്കു സ്കൂള്‍ ഇല്ലേ?”
“വലിയവധി തൊടങ്ങീല്ലോ.”
“അതു ഞാന്‍ മറന്നു.”
അമ്മ അവര്‍ക്കു കുടിക്കാന്‍ എടുക്കാന്‍ അകത്തേക്കു പോയി. ഇച്ചായന്മാര്‍ വന്നതിന്‍റെ പിറകേ സിസിലിയാന്‍റിയും എത്തി.
“സിസിലിയേ, ഉണ്ണിയുടെ മുറിയൊന്ന് അടിച്ചുവാരി തുടയ്ക്കാമോ, ഇച്ചായന്മാര്‍ക്ക് അവിടെ കുറച്ചു രൂപങ്ങള്‍ വയ്ക്കാനുണ്ട്.”
രൂപങ്ങള്‍ എന്നു കേട്ടതും പിങ്ക്ളാങ്കിക്ക് അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയായി.
അവന്‍ അമ്മയുടെ പിന്നാലെ അടുക്കളയിലേക്കു പോയി
“എന്തു രൂപമാ അമ്മേ, അവിടെ വെക്കുന്നത്, ഉണ്ണിശോയാണോ?”
“മാലാഖമാരുടെയാണെന്നാ പറഞ്ഞത്.”
മാലാഖമാര്‍, ചിറകുള്ള, നമ്മളെ കാത്തുപരിപാലിക്കുന്ന ദൈവദൂതന്മാര്‍… കുഞ്ഞുപിള്ളേരേ ഇഷ്ടമുള്ളവര്‍…
ഐവാനു സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടി…
തുടരും ….
പുഷ്പമ്മ ചാണ്ടി, ചെന്നൈ