തുർക്കി ഇസ്‌താംബൂളിൽ ഒട്ടോമൻ ഭരണകാലത്തു് 1609- ൽ നിർമ്മിതമായ ബ്ലൂ മോസ്‌ക് കാണാൻ 2025 നവംബർ അവസാനം പോപ്പ് ലിയോ പതിനാലാമൻപോലും സന്ദർശനം നടത്തിയ വേളയിലാണ് ഒരു ക്രിസ്ത്യൻ സൈനികൻ സിഖ് വിശ്വാസികളുടെ ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചത് ക്ഷേത്ര പുജ മസാലക്കൂട്ടുകളായി ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്. ധാരാളം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഏറ്റവും പ്രശസ്‌തവും പ്രൗഢവുമായ ഈ മോസ്ക്‌കിൽ ഞാനും പോയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മാധ്യമവും വെട്ടിന് വെട്ട്, കുത്തിന് കുത്തു നടത്താറില്ല. വെടികൊണ്ട പന്നി പായുംപോലെയാണ് വാർത്തകൾക്കായി ഈ കൂട്ടർ പരക്കം പായുന്നത്. ഗുരുദ്വാരക്കുള്ളിൽ കയറാൻ വിസമ്മതിച്ച സൈനികൻ എന്തിനാണ് വിളക്ക് കണ്ട പാറ്റയെപോലെ ഭയന്നുമാറിയത്? ജോലി നഷ്ടപ്പെട്ടെങ്കിലും കോടതി വിധി അടിയുറച്ച വിശ്വാസത്തിൻ്റെ വിജയമാണ്. വിശ്വാസ – വർഗവൈരുദ്ധ്യങ്ങൾ മനസ്സിൽപേറി ആരും സൈന്യങ്ങളിൽ ചേരരുത്.
ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും അധികാര ദുർവിനിയോഗം, അഴിമതി – അനീതി – വർഗീയത ക്യാൻസർപോലെ ബാധിച്ചിരിക്കെ അതൊന്നും ഗൗരവമായെടുക്കാതെ മതസ്‌പർദ്ധ വളർത്താൻ ശ്രമിക്കുന്ന മാധ്യമങ്ങൾ സമൂഹത്തിന് ആപത്താണ്. ഈ ശാസ്ത്ര ലോകത്തു് വിശ്വാസംതന്നെ പ്രമാണമായി മാറ്റിയാൽ വിജ്ഞാനത്തിന് എന്താണ് പ്രസക്തി? ലോകത്തു് ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ഇന്ത്യൻ സൈന്യത്തിൽ എല്ലാം മത വിശ്വാസികളുമുണ്ട്. അവിടെ നിലനിൽക്കുന്നത് സമത്വം, സാഹോദര്യം, ഐക്യമാണ്. ലോകത്തുള്ള പ്രമുഖ സൈന്യങ്ങളെല്ലാം ഈ സാമൂഹ്യ സാംസ്‌കാരിക മനഃശാസ്ത്ര പശ്ചാത്തലത്തിലാണ് സഞ്ചരിക്കുന്നത്. ആ അർഥവ്യാപ്‌തിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അച്ചടക്കം, അനുസരണയാണ്. അവിടെ ഒരു വിശ്വാസവും ആരിലും അടിച്ചേൽപ്പിക്കാറില്ല, വ്യക്തിയെ വ്യത്യസ്തനാക്കുന്നില്ല.
സൈനികനായ പെന്തകൊസ്തു വിശ്വാസി അവരുടെ പരേഡിൻ്റെ ഭാഗമായി ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചതാണ് സാമുവൽ കമലേശൻ എന്ന സൈനികന് വിനയായത്. അതിനുള്ളിൽ മത ഭീകരർ പടക്കോപ്പുകളുമായി ഒളിഞ്ഞിരുന്നാൽ ഒരു സൈനികൻ അല്ലെങ്കിൽ പോലീസ് മതവികാരം വ്രണപ്പെടുമെന്ന് കരുതി അതിനുള്ളിൽ കയറാതിരിക്കുമോ? സിഖ് സമുദായത്തിൻ്റെ പുണ്യക്ഷേത്രമായ അമൃത് സറിലേ ഗോൾഡൻ റ്റംമ്പിൾ നടന്ന ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ സിഖ് സൈനികരുമുണ്ടായിരുന്നു. ആ ഓപ്പറേഷനിൽ നിന്ന് ലീവെടുത്തു് ചില സിഖ് സൈനികർ പിന്മാറിയെങ്കിലും എത്രയോ സിഖ് സൈനികർ അതിൽ പങ്കെടുത്തു വീരചരമം പ്രാപിച്ചു. അവർ പോരാടി വീരമൃത്യ വരിച്ചത് രാജ്യത്തിന് വേണ്ടിയാണ് അല്ലാതെ മതമേധാവികളുടെ ശാസന, വിശ്വാസം മുറിപ്പെടുമോ ഇതൊന്നും നോക്കിയല്ല. പട്ടാളം, പോലീസിന്റെ ജോലി മത വിശ്വാസം കാത്തുസംരക്ഷിക്കലല്ല. മത ഭരണമുള്ള സൗദി അറേബ്യപോലുള്ള രാജ്യങ്ങളിൽ ഇതെല്ലാം കാണാം.
2017-ൽ സിഖ് സ്ക്വഡ്രനിൽ നിയമിതനായ സാമുവൽ മനസ്സിലാക്കിയത് തന്റെ വിശ്വാസം മറ്റെന്തിനേക്കാളും മുന്നിലെന്നാണ്. സിഖ് മതപരമായ പരേഡിൻ്റെ ഭാഗമായി സൈനികനെ ഒരു പിന്തിരിപ്പൻ എന്ന് വിശേഷിപ്പിക്കാമെങ്കിലും വിവിധ മതസ്ഥരുള്ള സൈന്യത്തിൽ മതത്തിൻ്റെ പ്രാധാന്യമെന്താണ്? മതാ ചാരങ്ങൾ പരിശീലനത്തിൻ്റെ ഭാഗമായി എന്തുകൊണ്ട് വരുന്നു? പരസ്‌പരം സൗഹൃദത്തിൽ ജീവിക്കുന്ന സൈന്യത്തിൽ വിശ്വാസ സംഘർഷമുണ്ടോ? ഇങ്ങനെയെങ്കിൽ ഒരു അവിശ്വാസി എങ്ങനെ സൈന്യത്തിൽ ചേരും? അത് ഭരണഘടന 25 വകുപ്പിൻ്റെ ലംഘനമല്ലേ? എൻ്റെ രണ്ട് സഹോദരങ്ങൾ, അളിയൻ, ബന്ധുക്കൾ എയർഫോഴ്‌സ്, ആർമി, നേവിയിൽ ജോലി ചെയ്‌തിരുന്ന കാലം അവരുടെ ക്വാർട്ടേഴ്‌സിൽ താമസിച്ചിട്ടുണ്ട്. അവിടെ ചെറിയ അമ്പലം, പള്ളി പ്രാർത്ഥന, പൂജയൊക്കെ കണ്ടിട്ടുണ്ട്.
മനുഷ്യർ ആസക്തരായതുകൊണ്ടാണ് ഉള്ളിന്റെയുള്ളിൽ പതിയിരിക്കുന്ന ആഗ്രഹം, ഭയവുമായി ദൈവത്തെ സമീപ്പിക്കുന്നത്. ഈ ദേവാലയങ്ങൾ ബ്രിട്ടീഷ് ഭരണകാലം നിർമ്മിച്ചെതെങ്കിലും അത് നമ്മുടെ ആത്മീയ പൈതൃക സംസ്‌കാരത്തിൻ്റെ അടയാളങ്ങളായിട്ടാണ് ഇന്നും കാണുന്നത്. യഥാർത്ഥ ഭക്തരുടെ ചൈതന്യ സമ്പത്താണത്. അത് മതമായി വർത്തമാനകാലത്തേക്ക് വലിച്ചിഴച്ചു് മറ്റുള്ളവരിൽ വിശ്വാസ സമ്മർദം ചെലുത്തിയാൽ ആന്തരികമായ പോരാട്ടം പുറത്തേക്ക് വന്ന് കോടതിയിൽ എത്തുകതന്നെ ചെയ്യും. മതമില്ലാത്തവന്റെ മനസ്സിലേക്ക് സൈന്യ ഭരണകൂടം പകരുന്ന സന്ദേശം, വികാരമെന്താണ്?
യേശുക്രിസ്‌തു പോരാടിയത് അധികാര ചൂഷകവർഗ്ഗത്തിനെതിരെയാണ്. തുടർന്നുള്ള ക്രിസ്‌തീയ വിശ്വാസികൾ ആ മാർഗ്ഗത്തിലാണ് ജീവിക്കുന്നത്. ബൈബിൾ വചനങ്ങൾ പഠിപ്പിക്കുന്നതും ‘മനുഷ്യൻ വെറും വിശ്വാസത്താലല്ല, പ്രവർത്തികളാൽതന്നെ നീതീകരിക്കപ്പെടണം’ എന്നാണ്. പട്ടാള മേലുദ്യോഗസ്ഥൻ തന്ന പ്രവർത്തി ഗുരുദ്വാരയിൽ പോയി പൂജ നടത്താനല്ല. അത് വശമില്ലാത്ത പണിയെന്ന് പണി തന്നവനറിയാം. അമ്പലം, പള്ളി, മോസ്‌ക് കാണുക അവിടെ നടക്കുന്നത് മനസ്സിലാക്കുകയൊക്കെ മതമൈത്രി, സാഹോദര്യ ബന്ധങ്ങളല്ലേ? അതല്ലേ വത്തിക്കാനിലെ പോപ്പും നമ്മെ പഠിപ്പിക്കുന്നത്. ലോകത്തുള്ള പ്രമുഖ ആരാധനാകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികൾ സന്ദർശനം നടത്തുന്നുണ്ട്.
കാശ്മീരിൽ വിശ്വാസത്തിൻ്റെ പേരിൽ മതഭീകരർ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ മധ്യപ്രദേശിൽ നിന്ന് വന്ന പെന്തികൊസ്‌തുകാരൻ സുശിലിനോട് പറഞ്ഞു കലിമ ചൊല്ലാൻ. കലിമ ചൊല്ലാൻ മനസ്സില്ല ഞാനൊരു ക്രിസ്‌തിയാനിയെന്ന് ധൈര്യപൂർവ്വം ആ കാലന്മാരുടെ മുഖത്തു് നോക്കി നെഞ്ച് വിരിച്ചു നിന്ന് പറഞ്ഞു. ഉടനടി വെടിയേറ്റ് മരിച്ചു. ഒരാൾ ക്രിസ്‌ത്യാനിയായി രൂപാന്തരപ്പെട്ടാൽ വെടിയുണ്ടയല്ല അവർ മരണത്തെ ഭയക്കുന്നവരല്ല. അക്ഷരത്തിലും ആത്മാവിലും ജീവിക്കുന്നവർ ഭീരുക്കളെ ഭയന്ന് പിന്മാറുന്നവരല്ല. അതാണ് ലോകചരിത്രം. ക്രിസ്‌തു ശിഷ്യരെല്ലാം രക്തസാക്ഷികളാണ്. വെറുപ്പല്ല യേശു ക്രിസ്‌തു പഠിപ്പിച്ചത് സ്നേഹമാണ്, കാരുണ്യമാണ്. യുദ്ധങ്ങളിൽ ഏർപ്പെടുന്ന സൈനികനും മരണത്തെ ഭയക്കുന്നില്ല. മതവിശ്വാസവും നോക്കാറില്ല. അങ്ങനെ മരിച്ച ധീരജവാന്മാരുടെ കുടുംബത്തോടുള്ള നമ്മുടെ സമീപനമെന്താണ്?
മതവിശ്വാസം ഒരാളുടെ സ്വകാര്യതയാണ്. അതിലേക്ക് മറ്റൊരാൾ ഒളിഞ്ഞുനോക്കരുത്. അതിന്റെ ഗുണദോഷങ്ങൾ വിലയിരുത്താനുള്ള ഇടമല്ല സൈനികകേന്ദ്രങ്ങൾ. മനുഷ്യരിലെ അന്ധവിശ്വാസങ്ങൾ വാശിപിടിച്ചാൽ അത് നാശത്തിലെ അടങ്ങു. വിവേകമുള്ളവർ, അവിശ്വാസികൾ അതിനെ വാലിന്മേൽ കെട്ടി കോലിന്മേൽ എറിയുന്ന കാലമാണ്. സൈന്യത്തിലുള്ളവർ അച്ചടക്കരാഹിത്യത്തിൽ ഏർപ്പെട്ടാൽ അത് അനാദരവാണ്. ഒരു കോടതിയും അത് അംഗീകരിക്കില്ല. മത വിശ്വാസത്തെക്കാൾ രാജ്യമാണ് വലുതെന്ന് സൈന്യത്തിൽ ചേരാനിരിക്കുന്നവർ തിരിച്ചറിയുക. ആയുസ്സുണ്ടെങ്കിലെ ആശയും വിശ്വാസവുമുള്ളൂ. കപടതയില്ലാത്ത ശക്തരായ ഭരണകൂടങ്ങളും, സൈന്യമുണ്ടെങ്കിലേ നമുക്ക് സമാധാനമായി കിടന്നുറങ്ങാൻ സാധിക്കു. നമ്മുടെ സൈന്യം ഭാരതത്തിൻ്റെ അഭിമാനമാണ്.
കാരൂർ സോമൻ, (ചാരുംമൂടൻ)


