Monday, March 23, 2026
Home » ജാമ്യമില്ല; രാഹുൽ ഈശ്വർ റിമാൻഡിൽ
രാഹുൽ ഈശ്വർ

ജാമ്യമില്ല; രാഹുൽ ഈശ്വർ റിമാൻഡിൽ

by Editor
Send your news and Advertisements

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ. രാഹുല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളി. സൈബർ അധിക്ഷേപ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

രാഹുലിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പിൽ നിർണായക ദൃശ്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതിഉത്തരവ്. തുടർന്ന് രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കള്ളക്കേസാണിതെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ പ്രതികരിച്ചു. ജയിലിൽ നിരാഹാരമിരിക്കുമെന്നും കോടതിയിൽ നിന്നു കൊണ്ടു പോകുന്നതിനിടെ രാഹുൽ മാധ്യമങ്ങളോടു വിളിച്ചു പറയുന്നുണ്ടായിരുന്നു.

യുവതിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബർ വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന്‌ ശേഷമായിരുന്നു അറസ്റ്റ്. ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. അറസ്‌റ്റ് നിയമപരമല്ലെന്നും പിടികൂടി കഴിഞ്ഞാണ് നോട്ടിസ് നൽകിയതെന്നും രാഹുൽ കോടതിയെ അറിയിച്ചു. എന്നാൽ നോട്ടിസ് കൈപ്പറ്റിയില്ലെന്നും അതിജീവിതയെ മോശമാക്കുന്ന രീതിയിൽ രാഹുൽ പ്രവർത്തിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്ടോപ്പിലുണ്ടെന്നും രാഹുലിൻ്റെ വിഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പൊലീസ് ആരോപിച്ചു. രാഹുൽ സ്‌ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.

You may also like

error: Content is protected !!