ന്യൂഡൽഹി: 2024-25 അക്കാദമിക് വർഷത്തിൽ രാജ്യത്ത് 10,650 പുതിയ എംബിബിഎസ് സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ (എൻ.എം.സി) കമ്മീഷൻ അംഗീകാരം നൽകി. 41 മെഡിക്കൽ കോളജുകൾക്കും അനുമതിയായി. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 75,000 മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് 2024 ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു.
പുതിയ സീറ്റുകൾ കൂടി ആകുമ്പോൾ 2024-25 അധ്യയന വർഷത്തിലെ ആകെ സീറ്റുകളുടെ എണ്ണം 1,37,600 ആയി വർധിക്കും. 41 പുതിയ മെഡിക്കൽ കോളജുകൾ കൂടി വരുന്നതോടെ രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണം 816 ആകും.
ബിരുദ തലത്തിലുള്ള സീറ്റ് വർധിപ്പിക്കുന്നതിനായി 170 അപേക്ഷകളാണ് ലഭിച്ചതെന്ന് എൻ.എം.സി ചീഫ് ഡോ. അഭിജാത് ഷേത്ത് അറിയിച്ചു. 41 ഗവൺമെൻ്റ്, 129 സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് 10,650 സീറ്റുകൾ വർധിപ്പിച്ചത്. ബിരുദാനന്തര ബിരുദ തലത്തിലേക്ക് പുതിയ സീറ്റുകൾക്ക് വേണ്ടി 3,500 പുതിയ അപേക്ഷയും ലഭിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദ തലത്തിൽ 5000 സീറ്റുകൾ വർധിപ്പിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 67,000 മായി. രണ്ട് വിഭാഗങ്ങളിലും കൂടി 15,000 സീറ്റുകളുടെ വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
അടുത്ത അക്കാദമിക് വർഷവുമായി ബന്ധപ്പെട്ട അക്രഡിറ്റേഷൻ, സീറ്റ് മാട്രിക്‌സ്, പരീക്ഷകൾ എന്നിവ സംബന്ധിച്ച വിശദമായ ബ്ലൂ പ്രിൻ്റ് ഉടൻ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ പാഠ്യ പദ്ധതിയിലേക്ക് ക്ലിനിക്കൽ റിസേർച്ച് ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും എൻ.എം.സി പരിഗണിക്കുന്നുണ്ടെന്ന് ഡോ. ഷേത്ത് അറിയിച്ചു.



