ന്യൂഡൽഹി: ബിജെപി യുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. ബിജെപിയുടെ 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പാർട്ടിയെ കുറിച്ച് പറയുമ്പോൾ നിതിൻ എന്റെ ബോസും ഞാൻ പാർട്ടി പ്രവർത്തകനുമാണ്, പ്രധാനമന്ത്രിയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നിധിൻ നബിക്ക് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ. അടുത്ത 25 വർഷങ്ങൾ വളരെ പ്രധാനമാണ്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിത്, അത് സംഭവിക്കാൻ വിധിക്കപ്പെട്ടതുമാണ്. ഈ നിർണായക കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിതിൻ നബിൻ ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും. ഇന്നത്തെ യുവാക്കളുടെ ഭാഷയിൽ പറഞ്ഞാൽ, നിതിൻ തന്നെ ഒരു തരത്തിൽ ഈ സഹസ്രാബ്ദക്കാരനാണ്. ഇന്ത്യയിൽ വലിയ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച തലമുറയിൽ പെട്ടയാളാണ് അദ്ദേഹം. യുവത്വത്തിന്റെ ഊർജ്ജവും സംഘടനാ പ്രവർത്തനങ്ങളിൽ വിപുലമായ പരിചയവും നിതിനുണ്ടെന്നും മോദി പറഞ്ഞു.
അനുഭവ സമ്പന്നരായ അടൽ ബിഹാരി വാജ്പേയി, മുരളി മനോഹർ ജോഷി, എൽകെ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ ഭാരതീയ ജനത പാർട്ടി വളർന്നു. വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ള നേതാക്കൾ സംഘടനയുടെ ശക്തി വർധിപ്പിച്ചു. അമിത്ഷായുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി. ജെ പി നഡ്ഡയുടെ നേതൃത്വത്തിൽ ബിജെപി പഞ്ചായത്ത് മുതൽ പാർലമെന്‍റെ വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയെ കൂടുതൽ ഉയരങ്ങിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ഒരു സംസ്കാരമാണ്, ഒരു കുടുംബമെന്നപോലെയാണ് ബിജെപിയുടെ പ്രവർത്തനം. ജനങ്ങളുടെ സേവയാണ് പ്രധാനം. ഇതുകൊണ്ടാണ് ബിജെപിയിൽ ജനങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഘടനയുടെ വളർച്ചയ്‌ക്ക് ബിജെപി എത്രകണ്ട് പ്രാധാന്യം നൽകുന്നുവോ അത്രതന്നെ പ്രാധാന്യം കാര്യകർത്താക്കളെ വളർത്തിയെടുക്കുന്നതിനും നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിയുണ്ടായത് ഭാരതീയ ജനതാ പാർട്ടിയിൽ നിന്നാണ്. ഏത് പദവിയേക്കാളും വലുത് ബിജെപിയുടെ കാര്യകർത്താവ് എന്ന അംഗീകാരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജെപി നഡ്ഡയുടെ പിൻഗാമിയായാണ് ബിജെപി വർക്കിങ് പ്രസിഡന്‍റായിരുന്ന 45-കാരൻ നിതിൻ നബിൻ, ബിജെപിയുടെ 12-ാമത് അധ്യക്ഷനായെത്തുന്നത്, ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് നബിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണ് അതുവരെ ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്. പത്ത് വര്‍ഷം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്‍റെ പാരമ്പര്യമാണ് നിതിന്‍ നബീനുള്ളത്. യുവമോര്‍ച്ചയിലൂടെയാണ് നിതിൻ സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. 2006-ല്‍ പാറ്റ്ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളായിരുന്നു.



