പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെ ശനിയാഴ്‌ച വൈകുന്നേരം ആയിരുന്നു മരണം. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.
മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്‌ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച്‌ച വൈകുന്നേരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്‌തായിരുന്നു ചികിത്സ. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കഴിഞ്ഞു. ഇദ്ദേഹവുമായി നേരിട്ട് കോൺടാക്ടുള്ള ആളുകളെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാലക്കാട് സ്വദേശിനിയായ 38-കാരി ഇപ്പോഴും നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളല്ല ഇദ്ദേഹമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.