നടി ഗ്രേസ് ആൻ്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ആളും ആരവങ്ങളൊന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയാണ് തന്റെ വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചത്. എബിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഗ്രേസ് പങ്കുവെച്ചിട്ടുണ്ട്. താന്‍ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. ലളിതമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
‘ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആൾക്കൂട്ടമില്ല ഒടുവിൽ അത് സംഭവിച്ചു’ എന്ന കുറിപ്പോടെയാണ് ഗ്രേസ് വിവാഹചിത്രം നേരത്തെ പങ്കുവെച്ചത്. പരവരാകത്ത് ഹൗസിൽ സിറിയക് തോമസിൻ്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആൻ്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആൻ്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്‌ഥിരതാമസം.