ഫ്ലോറിഡ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിലായിരുന്നു കൂടിക്കാഴ്ച. നെതന്യാഹുവിനെ പ്രശംസകൊണ്ട് മൂടിയ ട്രംപ് നെതന്യാഹുവിന്റെ പോരാട്ടവീര്യം ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇപ്പോൾ അവശേഷിക്കില്ലായിരുന്നെന്ന് പറഞ്ഞു. നെതന്യാഹു അസാധാരണമായ ജോലിയാണ് നിർവഹിക്കുന്നതെന്നും ഇസ്രായേലിനെ അപകടകരമായ ഒരു ഘട്ടത്തിൽ നിന്ന് അദ്ദേഹം രക്ഷിച്ചു. ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂർണ്ണമായും നിരായുധരാകണമെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഗാസയിൽ രാജ്യാന്തര സമാധാന സേനവേണമെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികൾക്ക് നേരെ കൂടുതൽ യുഎസ് ആക്രമണങ്ങൾ വേണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാൻ മിഡിൽ ഈസ്റ്റിന് മാത്രമല്ല, അമേരിക്കയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവായുധ നിർമാണം പുനരാരംഭിക്കാനാണ് ഇറാന്റെ പ്ലാനെങ്കിൽ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാൽ ഇറാനുമേൽ ഉപരോധവും ഭീഷണിയും കടുപ്പിച്ചാൽ സമ്പൂർണ യുദ്ധം തുടങ്ങുമെന്ന് ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി. യുഎസ്, യൂറോപ്പ്, ഇസ്രയേൽ എന്നിവയെ ആക്രമിക്കുമെന്ന ഭീഷണിയാണ് മസൂദ് മുഴക്കിയത്. ഇറാൻ സ്വന്തംകാലിൽ നിൽക്കാൻ ഈ രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
അതെസമയം ആയുധം താഴെവെക്കില്ലെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധം തുടരുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തങ്ങളുടെ വക്താവായിരുന്ന അബു ഒബൈദ ഓഗസ്റ്റ് 30-ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും അവർ സ്ഥിരീകരിച്ചു.



