ഫ്ലോറിഡ: നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യം ഇന്ന് (ഏപ്രിൽ 2-ന്) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ അടുത്തേക്ക് എത്തിക്കുന്ന ചരിത്രപരമായ ദൗത്യമാണിത്. നാല് ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന സംഘം ചന്ദ്രനെ ചുറ്റി തിരികെ എത്തുന്ന 10 ദിവസം നീളുന്ന ദൗത്യമാണിത്. ഈ ദൗത്യത്തിൽ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങുന്നില്ല, മറിച്ച് ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.
നാസയുടെ കരുത്തുറ്റ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ഓറിയോൺ (Orion) പേടകവുമാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. റീഡ് വൈസ്‌മാൻ (ദൗത്യ കമാൻഡർ), വിക്‌ടർ ഗ്ലോവർ (പൈലറ്റ് – ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്ത വർഗക്കാരൻ.), ക്രിസ്റ്റീന കോക്ക് (മിഷൻ സ്പെഷ്യലിസ്റ്റ്- ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിത.), ജെറമിയ ഹാൻസെൺ (കനേഡിയൻ സ്പേസ് ഏജൻസി-മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് ആർട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങൾ.
54 വർഷത്തിന് ശേഷമാണ് മനുഷ്യൻ ഇങ്ങനെ ഒരു യാത്ര നടത്തുന്നത്. 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തിൽ കാൽ കുത്തിയെങ്കിൽ ആർട്ടെമിസ് 2 അംഗങ്ങളെയും വഹിച്ച് 10 ദിവസം കൊണ്ട് ചന്ദ്രനെ വലം വെച്ച് ഭൂമിയിലേക്ക് തിരിച്ച് വരികയാണ് ചെയ്യുന്നത്.
പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ പരീക്ഷണ പറക്കലിൽ 22 ലക്ഷം കിലോ മീറ്റർ സംഘം സഞ്ചരിക്കും. യാത്രാ സംഘം ഓറിയോൺ പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ മനുഷ്യർക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കും. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്എൽഎസിൻറെ ആദ്യ ക്രൂഡ് ലോഞ്ചാണിത്. ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ പേടകം നേരിടുന്ന അമിതമായ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയും പരിശോധിക്കപ്പെടും.
2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ആർട്ടെമിസ് പദ്ധതിയിലെ ഏറ്റവും നിർണായകമായ ഘട്ടം ആർട്ടെമിസ് 3 ആണ്. ആർട്ടെമിസ് 2 വിജയകരമായി പൂർത്തിയാക്കിയ ശേഷം മനുഷ്യനെ ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇറക്കുന്ന ദൗത്യമാണിത്. 1972 ന് ശേഷം ആദ്യമായി മനുഷ്യർ ചന്ദ്രനിൽ കാലുകുത്തുന്നത് ഈ ദൗത്യത്തിലൂടെയാകും. ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുന്ന ആദ്യ വനിതയും ആദ്യത്തെ കറുത്ത വർഗക്കാരനും ആർട്ടെമിസ് 3 യുടെ ഭാഗമായിരിക്കും. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലാണ് ഇവർ ഇറങ്ങാൻ പദ്ധതിയിടുന്നത്. അവിടെയുള്ള മഞ്ഞ് രൂപത്തിലുള്ള ജലത്തെക്കുറിച്ചും ധാതുക്കളെക്കുറിച്ചും പഠനം നടത്തും. ചന്ദ്രനിൽ ഒരു സ്ഥിരം താവളം ഒരുക്കുക വഴി ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യൻ്റെ യാത്ര സുഗമമാക്കുക എന്നതാണ് ഇതിൻ്റെ ദീർഘകാല ലക്ഷ്യം.

