എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടിന് ഇന്ന് ഒരാണ്ട്. അരനൂറ്റാണ്ടിലേറെക്കാലം കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അനുവാചകരുടെ ഹൃദയത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ എംടിയുടെ ഭൗതികസാന്നിധ്യമില്ലാത്ത ഒരു വര്‍ഷം കടന്നുപോയി. കേരളത്തിന്റെ സാംസ്‌കാരികനഭസ്സില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് എംടി കടന്നുപോയത്.
2024 ഡിസംബർ 25-ന് രാത്രിയാണ് മലയാളത്തിൻ്റെ ഒരേയൊരു എം.ടി കഥാവശേഷനായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടിയെന്ന രണ്ടക്ഷരം നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിൻ്റെ സമസ്‌ത ഭാവങ്ങളിലും തിളങ്ങി. രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളിൽ സജീവമായിരുന്നു.
മലയാളിക്കൾക്ക് വിലമതിക്കാനാവാത്ത ഒരുപാട് സംഭവനകൾ നൽകിയാണ് എം.ടി യാത്രയായത്. നിത്യജീവിതത്തിലെ സുഖവും ദുഃഖവും വിരഹവുമെല്ലാം എം ടിയുടെ സൃഷ്‌ടികളിൽ ഓരോ വായനക്കാരനും കാണാം. രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ്, എന്നീ കൃതികൾ എത്ര തലമുറകൾ മാറി വന്നാലും വീണ്ടും വീണ്ടും വായിക്കാൻ തോന്നും വിധം മനോഹരമാണ്. ഇന്നും ഒരോ വായനക്കാരൻ്റെ മനസിലും എം.ടി മരണമില്ലാതെ തുടരുന്നു.



