മിഴികളെ ഇറനാക്കുന്ന വിഷാദഗാനം പോലെ പ്രശസ്ത ഗായകന്‍ എം എസ് നസീം വിട പറഞ്ഞിട്ട് ഇന്ന് അഞ്ചു വർഷമാകുന്നു. പക്ഷാഘാതം ദുര്‍ബലപ്പെടുത്തിയ ശരീരത്തെയും കുഴയുന്ന നാവിനെയും വരുതിയിലാക്കാന്‍ പണിപ്പെടുകയായിരുന്നു നസീം. സ്വരമാധുരിയാല്‍ ആസ്വാദകരില്‍ സംഗീത മഴ തീര്‍ത്ത ഗായകന്‍ ആളും ആരവവും ഒഴിഞ്ഞ് ഒറ്റയ്ക്കാണ്. രാവുംപകലും സംഗീത സാന്ദ്രമായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡിലെ ‘അസ്മ’യെന്ന വീടും ഇനി മൂകമായി..
1953-ൽ തിരുവനന്തപുരത്ത് ജനനം; മുഹമ്മദ് സാലി പിതാവും അസുമാബീവി മാതാവുമാണ്. സംഗീത അദ്ധ്യാപകൻ എം.എസ് കബീർ, എം.എസ് ഹുസൈൻ, എം.എസ്. സുൽഫി (പ്രശസ്ത സംഗീതാ സംവിധായകൻ എം.എസ്. ബാബുരാജിന്റെ പുത്രീഭർത്താവ്), എം.എസ്. മുഹമ്മദ് പരേതരായ മാഷിദ, എം.എസ്. റാഫി എന്നിവർ സഹോദരങ്ങളാണ്. എം.എ.-യും ബി. എഡ്.-ഉം പാസായശേഷം നസീം വൈദ്യുത ബോർഡിൽ ജോലി സ്വീകരിച്ചു.
കുട്ടിയായിരിക്കുമ്പോഴേ പാട്ടുകള്‍ മൂളിതുടങ്ങിയ നസീം വാഴമുട്ടം സ്കൂളില്‍ പഠിക്കുമ്പോള്‍ അയല്‍വാസിയും സംഗീതജ്ഞനുമായ പാച്ചല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ ഭാഗവതരുടെയടുത്ത് ശാസ്ത്രീയ സംഗീതം പഠിക്കാന്‍ ചേര്‍ന്നു. ഇതാണ് ആകെ നേടിയ പരിശീലനം. സ്കൂള്‍ വാര്‍ഷികത്തിന് പാടി അരങ്ങേറ്റം. സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍ സംഗീതപഠനം നിര്‍ത്തേണ്ടിവന്നു. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തീയറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ്, കൊച്ചിന്‍ ഓവേഷന്‍ കണ്‍സര്‍ട്ട് എന്നീ കലാസമിതികള്‍ക്കായി പാടി സംഗീതരംഗത്ത് ചുവടുറപ്പിച്ചു.
ഗാനങ്ങളോടുമുള്ള താല്‍പര്യം കെ. പി. എ. സി.-യിലെത്തിച്ചു. ഇവിടെ നിരവധി ജനപ്രിയഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്നു. ടെലിവിഷൻ പ്രചാരത്തിൽ വന്ന കാലം മുതൽ നസീമിന്റെ മുഖവും ശബ്ദവും മലയാളികൾക്ക് കൂടുതൽ പരിചിതമായി. പഴയ മലയാളം – ഹിന്ദി ഗാനങ്ങൾ പാടുവാനുള്ള വൈദഗ്ദ്ധ്യവും പ്രസിദ്ധ ഗായകൻ എ. എം. രാജയുമായുള്ള ശബ്ദസാദൃശ്യവും നസീമിനെ ഒരു പോപ്പുലർ ഗായകനാക്കി. മലയാള ടെലിവിഷൻ നിലവിൽവന്ന കാലത്തെ പ്രമുഖ സംഗീത പരമ്പരയായ ‘ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരിയിൽ’ എന്ന പ്രോഗ്രാമിന്റെ (ദൂരദർശൻ) അമരക്കാരനായിരുന്നു നസിം. ‘ഏഷ്യനെറ്റിന്റെ’ ആദ്യകാലത്തെ ‘ഓൾഡ് ഈസ് ഗോൾഡ്’ പാട്ടുപരിപാടിയായിരുന്ന ‘പൂമരക്കൊമ്പി’ലെ സ്ഥിരം ഗായകനും. സ്വഭാരത് ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ ഡൽഹി ദൂരദർശനുവേണ്ടി 18 ഭാഷകളിൽ പാടിയിട്ടുണ്ട്.
സിനിമാഗാനരംഗത്തും മുദ്രപതിപ്പിച്ചു. ‘ഭാര്യയെ ആവശ്യമുണ്ട്’, ‘ അനന്തവൃത്താന്തം’ എന്നീ സിനിമകളില്‍ നസീം പാടിയ പാട്ടുകള്‍ ഹിറ്റായി. ‘ജൂനിയര്‍ എ.എം. രാജ’ യെന്ന പേര് നേടുന്നതില്‍ വരെയെത്തി സംഗീത പ്രയാണം.
ഒരു ഗായകനായി മാത്രമൊതുങ്ങാന്‍ നസീം ഒരുക്കമായിരുന്നില്ല. വൈദ്യുതി ബോർഡിൽ 27 വർഷം ജോലി ചെയ്ത ശേഷം, 2003-ൽ സ്വയം വിരമിച്ചത് സംഗീത സംബന്ധമായ ഡോക്യുമെന്ററികളിൽ ശ്രദ്ധയൂന്നാൻ വേണ്ടിയായിരുന്നു. മുഹമ്മദ് റാഫി, നൗഷാദ് എന്നിവരെക്കുറിച്ച് നസീം ചെയ്ത ഡോക്യുമെന്ററി ശ്രദ്ധേയമായി.
മലയാള സിനിമാശാഖയില്‍ തൊണ്ണൂറുകളില്‍ ജീവിച്ചിരുന്നവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ “ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരി’’ എന്ന മുൻസൂചിപ്പിച്ച ദൂരദര്‍ശന്‍ പരമ്പര അംഗീകാരങ്ങള്‍ നേടി. 1992, 93, 95, 97 വര്‍ഷങ്ങളിലെ മികച്ച മിനിസ്ക്രീന്‍ ഗായകനുള്ള അവാര്‍ഡും 1997-ല്‍ മികച്ച ഗായകനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചു.
2005 ജൂലൈയില്‍ തന്റെ ഗുരുവായി കരുതിയ രാഘവന്‍ മാസ്റ്ററിനെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മാണവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു നസീമിന്റെ ജീവിതത്തിന്റെ ശ്രുതി തെറ്റിച്ച പക്ഷാഘാതം. ശരീരത്തിന്റെ വലതുഭാഗം തളര്‍ന്ന് നാവും കുഴഞ്ഞു. ഗുരുവും സംഗീതജ്ഞനുമായ രാഘവന്‍ മാസ്റ്ററിനെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങിയ ഘട്ടത്തിലാണ് രോഗത്തിന്റെ പിടിയിലായത്. ഗുരുവിനോടുള്ള ആദരം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സങ്കടം നസീമിനുണ്ടായിരുന്നു.
ചികിത്സയും ചിട്ടയായ ജീവിതചര്യകളുമായി ശബ്ദം പഴയപോലെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇഛാശക്തിയോടെ മുന്നോട്ടു പോവുകയായിരുന്നു നസീം. അങ്ങനെ നീങ്ങുമ്പോഴാണ് രോഗനില വഷളായതും മരണം കടന്നുവരുന്നതും. 2021 ഫെബ്രുവരി 10-ന്, 68-ാം വയസ്സിൽ, എം. എസ്. നസീം അന്തരിച്ചു. സ്മരണാഞ്ജലികൾ!
ഭാര്യ – ഷാഹിദ; മക്കൾ നദിയയും നസ്നിയും. മരുമക്കൾ: ജാസിർ, താജുദ്ദീൻ.
ദൂരദർശനിൽ സംഗീതപരിപാടികൾ അവതരിപ്പിക്കുന്ന കാലം മുതൽ ഈ ഗായകനെ ശ്രദ്ധിച്ചു തുടങ്ങിയുന്നു… മറ്റുള്ള ശബ്ദങ്ങളിൽ നിന്നും വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമയായ പ്രിയ ഗായകൻ എ എം രാജയുടെ ശബ്ദസാമ്യവും ആലാപന ശൈലിയും ആയിരിക്കണം നസീമിന്റെ പാട്ടുകൾ കൂടുതൽ ഇഷ്ടപ്പെടാൻ ഒരു കാരണം… സ്റ്റേജ് പ്രോഗ്രാമിൽ എല്ലാം നിറഞ്ഞു നിന്നിരുന്ന അദ്ദേഹത്തെ പിന്നീട് സ്‌ക്രീനിൽ കാണാതെ ആയത് അത്ഭുതപ്പെടുത്തുകയും ഉണ്ടായി… വളരെ കാലം കഴിഞ്ഞാണ് അദ്ദേഹം രോഗാവസ്ഥയിൽ ആണെന്നുള്ള വിവരം അറിയുന്നത്… ആ അവസ്ഥ കണ്ട് ദുഃഖവും വേദനയും തോന്നിയിരുന്നു.
“ദേവദാരു പൂത്ത നാളൊരു ദേവകുമാരിയെ കണ്ടു ഞാൻ ”
“എൻ കണ്ണിന്റെ കടവിലടുത്താൽ കാണുന്ന കൊട്ടാരത്തില്”
“കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ”
അദ്ദേഹത്തിന്റെ ആലാപനത്തിൽ മുമ്പ് കേട്ട ഈ പാട്ടുകളെല്ലാം മനസ്സിലൂടെ കടന്ന് പോകുന്നു ….
ആർ. ഗോപാലകൃഷ്ണൻ
(വിവിധ ഓൺലൈൻ കുറിപ്പുകളോടും റിപ്പോർട്ടുകളോടും കടപ്പാട്).


