ടെനറൈഫിൽ വന്നിട്ട് ടെയ്‌ഡ് (Teide) എന്നപേരിൽ അറിയപ്പെടുന്ന വിഖ്യാതമായ അഗ്നിപർവ്വതം കാണാതെ പോയാൽ, ആലുവയ്ക്ക് പോയിട്ട് ശിവരാത്രി കൂടാതെ പോകുന്നപോലെയാകും.
സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം രണ്ടായിരത്തി അഞ്ഞൂറിൽ പരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടെയ്‌ഡ് അഗ്നിപർവ്വതം ലോകത്തിലെ മൂന്നാമത്തെ വലുതും യൂറോപ്പിലെ ഏറ്റവും വലുതും ആണെന്ന് പറയുന്നു. 900 ത്തിന്റെ ആദ്യ പാദത്തിൽ ഉണ്ടായ അഗ്നിതിളയ്ക്കുന്ന ലാവപ്രവാഹത്തിനു ശേഷം ഉറക്കം നടിക്കുന്ന ഈ ഉഗ്രരൂപീ ഇനി എന്നെങ്കിലും ഉണരുന്നതുവരെ നിരുപദ്രവകാരിയാണ്.
ഹേമക്കമ്മീഷൻ പോലെ ഉള്ളിൽ പുകഞ്ഞു മറിയുന്ന ഈ അഗ്നികുണ്ഡം ഇനി എന്നാണ് തനിസ്വരൂപം പുറത്തെടുത്ത് ഉറഞ്ഞു തുള്ളാൻ പോകുന്നതെന്നും അത് ആരെയൊക്കെ നിർത്തിപ്പൊരിക്കുമെന്നും ആർക്കറിയാം?
ടെയ്‌ഡ് അഗ്നിപർവ്വതം കാണാനായി രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞാൻ നേരത്തെ ബുക്ക് ചെയ്ത ക്യാനറി ടൂർസ്ന്റെ ബസ്സിൽ കയറി. ഡ്രൈവർ റോബെർട്ടോ ബിന്റോ എന്ന മദ്ധ്യ വയസ്ക്കൻ നല്ല പരിചയമുള്ള ഡ്രൈവർ ആയിരിക്കണം അല്ലെങ്കിൽ ചെങ്കുത്തായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയിലൂടെയുള്ള ബസ്സ് ഓടിക്കൽസ് ഒട്ടും സുരക്ഷിതമാവില്ല.
കുതിരവട്ടം പപ്പൂ എന്ന അനശ്വര നടനെ ഓർക്കുമ്പോൾ മനസ്സിലേയ്ക്ക് ഓടിവരുന്ന ഒരിടമുണ്ട്, അതാണ് താമരശ്ശേരി ചുരം. എന്നാൽ ടെയ്‌ഡ് ഉറങ്ങിക്കിടക്കുന്ന അഗ്നിപർവ്വതത്തിലേയ്ക്കുള്ള വഴി യിൽ കൂടി ബസ്സ് ഓടി തുടങ്ങിയപ്പോൾ ചെങ്കുത്തായായി വളഞ്ഞു പുളഞ്ഞു മലകേറുന്ന ഈ വഴികൾ ഒരു അൻപത് താമരശ്ശേരി ചുരം ചേർത്തുവച്ചപോലെയിരിക്കും എന്ന് തോന്നി.
പല വലുപ്പത്തിലും ഉയരത്തിലും വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ, മല കയറുന്ന വീതി കുറഞ്ഞ ടൂവേ റോഡിന്റെ ഇരുവശങ്ങളിലും ഇടതൂർന്നു നിൽക്കുന്നു. കേരളത്തിൽ ആയിരുന്നെങ്കിൽ ഈ പൈൻ മരങ്ങൾ എന്നേ വെട്ടി വെളുപ്പിച്ചു മൊട്ടക്കുന്ന് കയ്യിൽ തന്നേനെ എന്ന് ചോദിച്ചാൽ മതി.
ടൂർ ഗൈഡ് ഇംഗ്ലീഷിലും സ്പാനിഷിലും പർവ്വതത്തിന്റെ വീര ചരിത്രങ്ങൾ വിവരിച്ചുകൊണ്ടിരുന്നു. നിസ്സാര കാര്യങ്ങളെപ്പോലും ആകർഷകമായി അവതരിപ്പിച്ചു പൊലിപ്പിക്കാൻ അവർക്കുള്ള കഴിവ് അപാരം തന്നെ.
കീഴക്കാം തൂക്കായ മലയുടെ പള്ളയ്ക്ക് കൂടി വെട്ടിയുണ്ടാക്കിയ റോഡിന്റെ ഒരുവശം അഗാധമായ കൊക്കകളാണ്. ഡ്രൈവറുടെ ശ്രദ്ധ അൽപ്പമൊന്ന് പാളിപ്പോയാൽ പൈൻ മരങ്ങൾക്കിടയിലൂടെ താഴെക്ക് പതിക്കാവുന്ന ബസ്സിന്റെയും ആൾക്കാരുടെയും മൊത്തംപൊടി ഒരു ചെറിയ കുടത്തിൽ വാരിക്കൂട്ടാനേ ഉണ്ടാവൂ.
അഗ്നിപർവ്വതത്തിന്റെ ഏഴയലത്തു എത്തിയപ്പോഴേയ്ക്കും, കാലാകാലങ്ങളിൽ ലാവ ഉരുകിയൊലിച്ചു വെന്ത് വെണ്ണീറായ മൺകൂനകൾ കറുപ്പിലും ചെങ്കല്ല് നിറത്തിലും വികൃതമാക്കിയ താഴ്വാരങ്ങൾ ദൃശ്യമായി. അവിടെ ഒരു തകരപോലും മുളയ്ക്കുന്നില്ല.
പ്രഥമ ദൃഷ്ട്ടിയാ ഒരുപകാരവുമില്ലാത്ത ഈ ഭൂപ്രദേശം കൊണ്ട് വരുമാനമുണ്ടാക്കാൻ ഇവിടുത്തെ ഗവണ്മെന്റ് ഒരു കാര്യമേ ചെയ്തുള്ളു. ചെങ്കുത്തായ ഈ പാർവ്വതത്തിനു ചുറ്റും നല്ല റോഡ് ഉണ്ടാക്കി. എന്നിട്ട് അഗ്നിപർവ്വതം കാണിക്കാൻ വിനോദ സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുക. അങ്ങനെയാണ് പ്രത്യക്ഷത്തിൽ ഒരു പൈസയ്ക്കും ഉപകാരമില്ലാത്ത ഈ പാഴ് ഭൂമികൊണ്ടുപോലും അവർ യൂറോ ഉണ്ടാക്കുന്നത്.
അങ്ങനെ ഒക്കെയാണ് തീര പ്രദേശങ്ങളിൽ മുഴുവൻ ഹോട്ടൽ സാമൂച്ചയങ്ങൾ കൊണ്ട് നിറഞ്ഞ ടെനറൈഫ് എന്ന കൊച്ചു ദീപ് ആണ്ടുവട്ടം ശരാശരി അഞ്ചെട്ടു മില്യൺ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്.
അവർക്ക് ആകെയുള്ളത് ചുറ്റും കുറച്ചു കടലും നല്ല കാലാവസ്ഥയും. “ഇത്തിരി പിണ്ണാക്കും ഇത്തിരി വൈക്കോലും ” കൊണ്ട് ഈ കൊച്ചു ഭൂമിയിൽ നിന്നും എത്ര ലിറ്റർ യൂറോ ആണ് ഇവർ കറന്നെടുക്കുന്നത്?
തുടരും…
മാത്യു ഡൊമിനിക്