കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ചാണ് ശശി തരൂരിന്റെ ലേഖനം. രാജ്യത്ത് നിന്ന് മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ ദൗത്യത്തെ അദ്ദേഹം പ്രശംസിച്ചു. പ്രോജക്ട് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തിലാണ് തരൂരിൻ്റെ പ്രശംസ. മോദി സർക്കാരിൻ്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തിൽ തരൂർ ചൂണ്ടിക്കാട്ടി.
2013-ൽ ഇന്ത്യയിലെ 126 ജില്ലകളിൽ മാവോയിസ്‌ററുകളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ഇന്ന് രാജ്യത്ത് മാവോയിസം അന്ത്യലേക്ക് അടുക്കുകയാണ്. മേഖലയിൽ പോലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സർക്കാർ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആധുനിക ആയുധങ്ങൾ, മികച്ച ആശയവിനിമയ സൗകര്യങ്ങൾ, വനാന്തരങ്ങളിലെ യുദ്ധത്തിനും നക്‌സൽ വിരുദ്ധ പോരാട്ടത്തിനും പ്രത്യേക പരിശീലനം എന്നിവ സേനയ്ക്ക് നൽകി. യുപിഎ സർക്കാർക്കാരിൻ്റെ ആശയം മോദി നടപ്പാക്കി. സർക്കാരിൻ്റെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻ്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും, തരൂർ ലേഖനത്തിൽ പറഞ്ഞു.
1960 കളിൽ പശ്ചിമ ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ ഉത്ഭവിച്ച കമ്യൂണിസ്റ്റ് ഭീകര 2026 മാർച്ചോടെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് തരൂരിന്റെ ലേഖനം വരുന്നത്. അടുത്തിടെ വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവമായി പങ്കെടുത്ത തരൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുന്നത് പൂര്‍ണമായി അവഗണിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വം.



