Mantis Partners Sydney
Tuesday, March 17, 2026
Mantis Partners Sydney
Home » ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും; ബില്ലുമായി കേന്ദ്രം
ലോക്‌സഭ

ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും; ബില്ലുമായി കേന്ദ്രം

by Editor
Send your news and Advertisements

ന്യൂ ഡൽഹി: പാര്‍ലമെന്റില്‍ സുപ്രധാന ബില്ലുകളുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. ഒരുമാസത്തിലധികം കസ്റ്റഡിയിലായാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല.

പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. ഗുരുതര ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന ആരോപണം നേരിടുന്നതോ, അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കുള്ള ഭരണഘടനാപരമായ വിശ്വാസത്തെ കുറച്ച് കാണുകയാണെന്ന് ബില്ലില്‍ പറയുന്നു.

അതേസമയം ബില്ലിനെതിരെ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ബില്ലിനെ കാടത്ത ബില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശേഷിപ്പിച്ചത്. ശ്രദ്ധ മാറ്റാന്‍ ഉള്ള ശ്രമമാണെന്നും ചവറ്റു കൊട്ടയിലേക്ക് പോകാന്‍ പോകുന്ന ബില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ആയുധം. ഘടക കക്ഷികളെ വിരട്ടി നിര്‍ത്താന്‍ കൂടിയാണ് ഈ ബില്‍ കൊണ്ടുവരുന്നത്. ധാര്‍മികത ആണ് വിഷയം എങ്കില്‍ ആദ്യം അമിത് ഷാ രാജിവയ്ക്കണമെന്നും അദ്ദേഹത്തിന് ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെ തുടരാന്‍ ഒരു അവകാശവുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

You may also like

error: Content is protected !!