തേവലക്കര ബോയ്സ് ഹൈസ്കൂളിൽവച്ച് ഷോക്കേറ്റു മരിച്ച മിഥുന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിളന്തറയിലെ വീട്ടുവളപ്പിൽ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. സ്ഥലപരിമിതിക്കിടയിലും ഒരു നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി.
തേവലക്കര സ്കൂകൂളിൽ നടത്തിയ പൊതുദർശനത്തിന് നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്. ആശുപത്രിയിൽനിന്ന് സ്കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന് ഇരുവശവും മിഥുനെ അവസാനമായി കാണാൻ നാട്ടുകാർ നിറഞ്ഞിരുന്നു. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുൻ്റെ പിതാവിൻ്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നുവീണു. ഇവരെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുന്റെ മൃതദേഹം വിലാപയാത്രയായാണ് തേവലക്കര സ്കൂളിൽനിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്.
സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്കൂളിൽ വെച്ച് അപകടമുണ്ടാകുന്നത്.