ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിന സമ്മാനമായി ഖത്തർ ലോകകപ്പിലെ അർജന്റീന ജഴ്സി കൈയൊപ്പിട്ടയച്ച് ഇതിഹാസ താരം ലയണൽ മെസി. ഇന്ന് (സെപ്റ്റംബർ 17) ആണ് മോഡിയുടെ 75-ാം ജന്മദിനം. ഈ വർഷം നവംബറിൽ അർജൻ്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനായി മെസി ഇന്ത്യയിലെത്തുന്നുണ്ട്. ഡിസംബറിൽ സ്വകാര്യ സന്ദർശനത്തിനായി കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും മെസി എത്തും. ഈ വരവിൽ മെസി മോദിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.
ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്‌തംബർ 17-ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികൾക്ക് കേന്ദ്രസർക്കാരും ബി ജെ പിയും ഇന്ന് തുടക്കമിടും. പിറന്നാൾ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യ പി. എം മിത്ര ടെക്‌സ്റ്റൈൽ പാർക്കിന് തറക്കല്ലിടും. മോദിയുടെ പിറന്നാളിന്റെ ഭാഗമായി ബി ജെ പി നേതൃത്വത്തിൽ ഇന്നു മുതൽ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്‌വാഡ” (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകൾ, ശുചിത്വ ദൗത്യങ്ങൾ, പരിസ്ഥിതി ബോധവത്‌കണം, പ്രദർശനങ്ങൾ, സംഭാഷണ പരിപാടികൾ, വികലാംഗർക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തൺ”, കായികമേളകൾ, ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൻ്റെ ഭാഗമായി ഡൽഹി നിയമസഭയിൽ ‘നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയൂ’ എന്ന പ്രത്യേക പ്രദർശനം ഇന്ന് മുതൽ സംഘടിപ്പിക്കുന്നു. 17 മുതൽ ഒക്ടോബർ രണ്ട് വരെയാണ് പ്രധാനമന്ത്രിയുടെ ജീവിത യാത്ര അനാവരണം ചെയ്യുന്ന പ്രദർശനം. പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ട്.