Mantis Partners Sydney
Thursday, February 26, 2026
Mantis Partners Sydney
Home » പി.ഭാസ്കരൻ: ഓർമ്മദിനം

പി.ഭാസ്കരൻ: ഓർമ്മദിനം

by Editor
Send your news and Advertisements

“ചക്കരക്കുടത്തിൽ ഞാൻ കയ്യിട്ടു നക്കുംനേരം
രക്തത്തിൻപുളിപ്പെന്റെ നാവിനെ – പൊള്ളിക്കുന്നു
ആ രക്തമേതാണെന്നു രുചിയാൽ പറയുന്നു
ആയാസപ്പെട്ടു നിന്നു വിറക്കും മനസ്സാക്ഷി….”
പി. ഭാസ്കരൻ.

ലളിതമായ പദപ്രയോഗങ്ങളിലൂടെ, മലയാളത്തനിമയുള്ള നിരവധി ഗാനങ്ങൾ സമ്മാനിച്ച്‌, മലയാള ചലച്ചിത്രഗാനശാഖയെയും സമ്പുഷ്ടമാക്കിയ പി. ഭാസ്‌കരൻ മാഷ് ഓർമ്മയായിട്ട് 19 വർഷം. 2007 ഫെബ്രുവരി 25-ന് അന്തരിച്ച അദ്ദേഹം കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നടൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ മലയാള സാംസ്കാരിക രംഗത്ത് വിപ്ലവാത്മകമായ സംഭാവനകൾ നൽകി.

1924 ഏപ്രിൽ 21 ന് കൊടുങ്ങല്ലൂരിൽ ജനനം. നന്നേ ചെറുപ്പത്തിലേ കവിതകൾ എഴുതിത്തുടങ്ങി.
“പുഷ്പകല പുഷ്പങ്ങൾ പുൽകുന്ന മെത്തയിൽ
പൊൻകിനാക്കൾ കണ്ടു ഞാൻ മയങ്ങീടവേ “
സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആദ്യമായി എഴുതിയ കവിത ഇതായിരുന്നു,

1949-ൽ, അപൂർവ സഹോദരർകൾ എന്ന തമിഴ് ചിത്രത്തിനു വേണ്ടി “കടക്കണ്ണിൻ തലപ്പത്ത് കറങ്ങും വണ്ടേ
എന്നു തുടങ്ങുന്ന വരികൾ എഴുതി ചലച്ചിത്ര രംഗത്തുതുടക്കം.

ചലച്ചിത്രഗാനങ്ങൾക്കു മുൻപേ ശ്രദ്ധിക്കപ്പെട്ട നിരവധി ഗാനങ്ങൾ എഴുതി. 1950 മേയ് 14-ന് ആകാശവാണി
കോഴിക്കോട് നിലയം സംപ്രേക്ഷണം തുടങ്ങുമ്പോൾ ആദ്യ ഗാനമാലപിച്ചത് (ഉദ്ഘാടന ഗാനം) “കേരള ശ്രീമാതേ” എന്നാരംഭിക്കുന്ന പി ഭാസ്ക്കരൻ്റെ ഗാനമായിരുന്നു.

കേരളപ്പിറവിയ്ക്കാകട്ടെ, ഇങ്ങനെ എഴുതി.
‘പദം പദം ഉറച്ചു നാം പാടിപ്പാടിപ്പോവുക
പാരിലൈക്യ കേരളത്തിൻ കാഹളം മുഴക്കുക “
തിരുവിതാംകൂറും കൊച്ചിയും മലബാറും യോജിച്ച് ഐക്യകേരളമായി രൂപപ്പെട്ടപ്പോൾ മാനസ മണിവേണുവിൽ നിരവധിഗാനം പകർന്ന ഈ ഭവാൻ നമുക്ക് എത്രയെത്ര മികച്ച ഗാനങ്ങളാണ് സംഭാവന ചെയ്തത്!

എഴുതാൻ തുടങ്ങിയാൽ ഒത്തിരി എഴുതണം…. മുതിരുന്നില്ല….. എങ്കിലും …….,

മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് – കൊച്ചു മലയാളമെന്നൊരു നാടുണ്ട് …
നാളീകേരത്തിൻ്റെ നാട്ടിലെ നിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് … ഈ പാട്ടുകൾ ഗൃഹാതുരത്വത്തോടെ ഓർത്തു പോകും.

നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും
നാകസുന്ദരിമാരേ
സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ
ശബ്ദ മരാളങ്ങളേ …

കൂടാതെ താമസമെന്തേ വരുവാൻ… , വാസന്തപഞ്ചമി നാളിൽ …, മഞ്ഞണിപ്പൂനിലാവ് …, ഇന്നലെ മയങ്ങുമ്പോൾ…. , കല്പനയാകും യമുനാ നദിയുടെ …. , ഹർഷബാഷ്പം തൂകി….. , കരിമുകിൽ കാട്ടിലെ …..,
അപാര സുന്ദര നീലാകാശം …., ഗോപുരമുകളിൽ … , പാതിരാവായില്ല പൗർണ്ണമി പൂർണ്ണേന്ദുമുഖിയോട് ….,
അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം …., കളഭക്കുറിയിട്ട മുറപ്പെണ്ണേ …., കേട്ടില്ലേ കോട്ടയത്തൊരു …. ,
കദളിവാഴക്കൈയ്യിലിരുന്ന് …. തുടങ്ങി നിരവധി നിരവധി ഗാനങ്ങൾ!

മഞ്ഞലയിൽ മുങ്ങിത്തോർത്തി …. , പത്തു വെളുപ്പിന് മുറ്റത്തു നില്ക്കുന്ന കസ്തൂരിമുല്ലയ്ക്ക് കാതുകുത്ത് നടത്തി… വൃശ്ചിക രാത്രിതൻ അരമന മുറ്റത്തൊരു പിച്ചകപ്പൂപ്പന്തലൊരുക്കിയ ഈ പ്രതിഭാധനൻ്റെ ഓർമ്മയ്ക്കു മുൻപിൽ പ്രണാമം.

നീലക്കുയിൽ എന്ന ചിത്രത്തെ പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നതെങ്ങനെ ! മലയാള സിനിമയ്ക്ക് ആദ്യമായി ഒരു ദേശീയ അവാർഡ് നേടിത്തന്ന (1954 ൽ വെള്ളിമെഡൽ) ചിത്രം …. ഉറൂബ് കഥയും തിരക്കഥയും നിർവ്വഹിച്ച നീലക്കുയിൽ 1954 ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തി. പി.ഭാസ്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ചിത്രം.

എല്ലാരും ചൊല്ലണ്… , കായലരികത്ത്‌ വലയെറിഞ്ഞപ്പോൾ …., കുയിലിനെത്തേടി….., മാനെന്നും വിളിക്കില്ല … എന്നീ മികച്ച ഗാനങ്ങൾ (പി.ഭാസ്കരൻ – കെ.രാഘവൻ )

മലയാളത്തിലെ ആദ്യ സംവിധാന ജോഡികളുടെ ഈ ചിത്രത്തിൽ അതിലൊരാളായ പി ഭാസ്കരൻ, പോസ്റ്റുമാൻ ശങ്കരൻ നായർ എന്നൊരു കഥാപാത്രത്തേയും അവതരിപ്പിച്ചു …

ഉയരും ഞാൻ നാടാകെ പടരും ഞാനൊരു പുത്തനു –
യിർ നാടിനേകിക്കൊണ്ടുയരും വീണ്ടും എന്നു പാടിയ കവി,
ഇങ്ങനെയും പറഞ്ഞു.
“വാക്കിനു വിലപിടിപ്പേറുമീ സന്ദർഭത്തിൽ
ഓർക്കുക വല്ലപ്പോഴുമെന്നല്ലാതെന്തോതും ഞാൻ “

വിജയൻ ന്യൂസസ്പ്രിന്റ് നഗർ

You may also like

error: Content is protected !!