ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സാദ് ഹുസൈൻ റിസ്‌വിയുടെ നേതൃത്വത്തിലുള്ള തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. തങ്ങളുടെ 11 അനുയായികളെ പോലീസ് വെടിവച്ചു കൊന്നതായും റേഞ്ചേഴ്‌സ് ഒരു കവചിത വാഹനം ഉപയോഗിച്ച് 70 പേരെ അക്രമിച്ചതായും തീവ്ര ഇസ്ലാമിക പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) പറഞ്ഞു.
ടിഎൽപി മേധാവി സാദ് റിസ് വി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുരിദ്കെയിൽ നടന്ന ഏറ്റുമുട്ടലിലാണ് സാദ് റിസ്വി പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് പ്രതിഷേധം ആരംഭിച്ചത്. നൂറിലധികം പ്രതിഷേധക്കാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തത്. ഇസ്ലാമാബാദിലെ യുഎസ് എംബസിക്ക് പുറത്തും പലസ്തീൻ അനുകൂല റാലി നടത്താൻ പ്രക്ഷോഭകർ പദ്ധതിയിട്ടിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് അക്രമമുണ്ടായത്.
പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കിടെ ലാഹോറിൽ വ്യാപകമായ അക്രമവും അരങ്ങേറി. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ 112 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായതായും ലാഹോർ പോലീസിന്റെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) പറഞ്ഞു.
അതേസമയം പാക്ക് അഫ്‌ഗാൻ അതിർത്തി സംഘർഷം മൂർച്ഛിക്കുകയാണ്. അതിർത്തിയിലെ 19 അഫ്ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചതായും ഇരുനൂറിലേറെ അഫ്ഗാനികളെ വധിച്ചതായും പാക്ക് സൈന്യം അവകാശപ്പെട്ടു. താലിബാൻ ക്യാമ്പുകൾ, പോസ്റ്റുകൾ, തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍, അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ശൃംഖലകൾ എന്നിവയ്‌ക്കെതിരെ പാക്കിസ്ഥാൻ സൈന്യം കൃത്യമായ ആക്രമണങ്ങളും റെയ്ഡുകളും നടത്തിയതായി പാക് സൈന്യം അറിയിച്ചു. നടപടികളെ സ്വയം പ്രതിരോധം എന്നാണ് പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഇനിയും എന്തെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ, കാബൂൾ ആക്രമണത്തിന് പകരമായി താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന് തങ്ങളുടെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ട്, ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ അഫ്ഗാന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസിസ് ഗ്രൂപ്പ് ഭീഷണിയാണെന്നും താലിബാന്‍ പറഞ്ഞു.
വ്യാഴാഴ്ച ചെറിയ അതിർത്തി സംഘർഷമായി ആരംഭിച്ച സൈനിക നടപടി ഇന്നലെ യുദ്ധസമാനമായി മാറിയെങ്കിലും ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. അഫ്ഗാൻ അതിർത്തി പാക്കിസ്ഥാൻ അടച്ചു. അഫ്ഗാൻ അതിർത്തി താവളമാക്കിയ തെഹ്‍രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) തീവ്രവാദികൾ പാക്ക് സേനാ പോസ്റ്റുകൾ ആക്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഒറക്സായ് ജില്ലയിൽ നടന്ന ആക്രമണത്തിൽ ഒരു ലഫ്. കേണലും മേജറും ഉൾപ്പെടെ 11 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു. പാക്ക് സേന വ്യാഴാഴ്ച അഫ്ഗാൻ അതിർത്തിയിലുടനീളം ആക്രമണം നടത്തി. ശനിയാഴ്ച അഫ്ഗാൻ സേന പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അംഗൂർ അഡ, ബജോർ, കുറം, ചിത്രാൽ ബലൂചിസ്ഥാനിലെ ബാരാംച സൈനിക പോസ്റ്റുകൾക്കു നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതിനു തിരിച്ചടിയായി പാക്ക് സേന ശക്തമായ വ്യോമാക്രമണം ഉൾപ്പെടെ നടത്തിയതോടെയാണ് സ്ഥിതി വഷളായത്.
പാക്കിസ്ഥാനുമായി അഫ്ഗാനിസ്ഥാന് 2600 കിലോമീറ്റർ അതിർത്തിയുണ്ട്. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് ഇരുകൂട്ടരും പരസ്പരം ആരോപിക്കുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് അതിർത്തി സംഘർഷം രൂക്ഷമായത്. സ്ഥിതി നിയന്ത്രണത്തിലാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും മുത്തഖി ന്യൂഡൽഹിയിൽ പറഞ്ഞു.