Monday, March 23, 2026
Home » മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി; യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും
മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി; യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും

മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനൊരുങ്ങി ബിജെപി; യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും

by Editor
Send your news and Advertisements

ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാനിരിക്കെ മണിപ്പൂരിൽ നിർണായക നീക്കവുമായി ബി.ജെ.പി. സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിംഗ് ഉടൻ സ്ഥാനമേൽക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരായിരിക്കും ഉണ്ടാവുക.

മണിപ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎമാരുമായും എൻഡിഎ നേതാക്കളുമായും ബിജെപി നേതൃത്വം ഡൽഹിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. മണിപ്പൂരിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകനായ തരുൺ ചുങ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്ര തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിനുശേഷമാണ് ബിജെപി എംഎൽഎയായ യുംനാം ഖേംചന്ദിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത യുംനാം ഖേംചന്ദ് ആദ്യം 2017 -ലും പിന്നീട് 2022 -ലും എംഎൽഎയായി. 2017 -ൽ നിയമസഭാ സ്‌പീക്കറായ അദ്ദേഹം 2022 -ലെ ബിരേൻസിങ് സർക്കാരിൽ മന്ത്രിയായിരുന്നു.

വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി ഒൻപതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവച്ചത്. ഇതിന് പിന്നാലെ 2025 ഫെബ്രുവരി 13 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. 2026 ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം അവസാനിക്കും. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ തോക്ചോം സത്യബ്രത സിംഗ്, പൊതുമരാമത്ത് മന്ത്രിയായിരുന്ന തോൻഗം ബിസ്വജിത് സിംഗ് എന്നിവരെയും പരിഗണിച്ചിരുന്നു.

You may also like

error: Content is protected !!