എം.ഡി.രാജേന്ദ്രൻ ഈ പേരു കേൾക്കുമ്പോൾ ഏവരുടേയും മനസ്സിലേക്കോടിയെത്തുന്ന ഏതാനും ഗാനങ്ങൾ ഉണ്ട്. അതിൽ ‘ഹിമശൈല സൈകതയും….’, ‘സുന്ദരീ.., നിൻ തുമ്പു കെട്ടിയിട്ടതും…’ ഏവർക്കും പ്രിയപ്പെട്ടതും. ഈ ഗാനങ്ങൾക്ക് 46 വയസ്സ് തികയുന്നു.
“ഹിമശൈല സൈകത ഭൂമിയിൽനിന്നു നീ
പ്രണയ പ്രവാഹമായ് വന്നൂ
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നു… (2)
നിമിഷങ്ങള്‍ തന്‍കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീർത്ഥമായി..
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി..
പീയൂഷവാഹിനിയായി…
എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തന്‍
സ്വേദപരാഗമായ് മാറി…
കാലം ഖനീഭൂതമായ് നില്‍ക്കുമക്കര –
ക്കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയി ഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ…
ഹിമശൈല സൈകത ഭൂമിയിൽനിന്നു നീ
പ്രണയ പ്രവാഹമായ് വന്നൂ
അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നു…
പ്രഥമോദബിന്ദുവായ് തീർന്നു…”
“സുന്ദരീ….. ആ ആ ആ
സുന്ദരീ…. ആ ആ ആ
സുന്ദരീ…. നിൻ
തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ
തുളസിത്തളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ
നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ
തുളസിത്തളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ
നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ
സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ത നീലിമയിൽ (2)
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ …
ഒഴുകീ ഒഴുകീ .. ഞാനറിയാതെ …
സുന്ദരീ…. നിൻ
തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ
തുളസിത്തളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമേ നീ വന്നൂ ….”
മലയാളികൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഈ ഗാനങ്ങൾ രാജേന്ദ്രൻ ‘ശാലിനി എന്റെ കൂട്ടുകാരിയിലൂടെ’ സമ്മാനിച്ചിട്ട് നാലരപ്പതിറ്റാണ്ട്. ദേവരാജ സംഗീതത്തിൽ യഥാക്രമം മാധുരി, യേശുദാസ് എന്നിവർ ഈ ഗാനങ്ങൾ ആലപിച്ചു. വേണു നാഗവള്ളി, ശോഭ, ജലജ, സുകുമാരൻ, ശ്രീനാഥ്, രവി മേനോൻ എന്നിവർ അഭിനയിച്ച ഈ ചിത്രം മോഹനാണ് സംവിധാനം ചെയ്തത്. 1980 മാർച്ച് 21 നാണ് ഈ ചിത്രം പുറത്തു വന്നത്.
മലയാള ചലച്ചിത്ര ഗാനശാഖയിലെ പ്രശസ്തരുടെ ഗാനങ്ങളോടൊപ്പംനില്ക്കാൻ എന്തുകൊണ്ടും പര്യാപ്തമായ ഗാനം. ഒരു 26 കാരൻ എഴുതിയതാണെന്നുകൂടി ഓർക്കണം. സന്തോഷം തോന്നുകയും അതിവിടെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നത് അതുകൊണ്ടു തന്നെ. അനുഗൃഹീതനായ ‘എം.ഡി.രാജേന്ദ്രന്റ തൂലികയിൽ എങ്ങനെ ഇത്തരം ഗാനങ്ങൾ പിറക്കാതിരിക്കും.!.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

