Sunday, August 31, 2025
Mantis Partners Sydney
Home » ‘സുദര്‍ശന്‍ ചക്ര’യിലേക്കുള്ള ചുവടുവെപ്പ്; ഇന്ത്യയുടെ പുതിയ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ.
'സുദര്‍ശന്‍ ചക്ര'യിലേക്കുള്ള ചുവടുവെപ്പ്; ഇന്ത്യയുടെ പുതിയ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ.

‘സുദര്‍ശന്‍ ചക്ര’യിലേക്കുള്ള ചുവടുവെപ്പ്; ഇന്ത്യയുടെ പുതിയ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ.

by Editor

ന്യൂ ഡൽഹി: സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ (IADWS) ആദ്യ പരീക്ഷണം വിജയകരമായി നടത്തി പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. ഒഡീഷയിലായിരുന്നു ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ പരീക്ഷണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഒഡീഷ തീരത്ത് നടന്ന പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്ന് അധികൃതർ അറിയിച്ചു.

പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (QRSAM), അഡ്വാൻസ്‌ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലുകൾ, ഉയർന്ന ശേഷിയുള്ള ലേസർ അധിഷ്ഠിത ഡയറക്‌ടഡ് എനർജി വെപ്പൺ (DEW) എന്നിവ ഉൾപ്പെടുന്നവ്യോമ പ്രതിരോധ സംവിധാനമാണ് ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചത്. ബഹുതല വ്യോമ പ്രതിരോധ സംവിധാനം രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന മുന്നേറ്റമാണ് ആദ്യ പരീക്ഷണം. പരീക്ഷണ ഘട്ടത്തിൽ എല്ലാ ആയുധ സംവിധാന ഘടകങ്ങളും കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ‘സുദർശൻ ചക്ര’ എന്ന സംയോജിത വ്യോമ പ്രതിരോധ കവചം വികസിപ്പിക്കുന്നതിനാണ് ഈ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഡ്രോണുകൾ, ശത്രുരാജ്യങ്ങളുടെ മറ്റു വ്യോമ ഭീഷണികൾ എന്നിവയുൾപ്പെടെ വ്യോമപ്രതിരോധ സംവിധാനത്തിന് തകർക്കാൻ സാധിക്കും. 300 മീറ്റർ മുതൽ ആറ് കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഈ ആയുധ സംവിധാനത്തിന് നിർവീര്യമാക്കാൻ കഴിയും.

വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ, ഇന്ത്യൻ സായുധ സേന, വ്യവസായ രംഗം എന്നിവയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. അതുല്യമായ പരീക്ഷണം നമ്മുടെ രാജ്യത്തിൻ്റെ ബഹുതല വ്യോമ പ്രതിരോധ ശേഷിക്ക് അടിവരയിടുന്നു. ശത്രുക്കളുടെ വ്യോമാക്രമണങ്ങളിൽനിന്ന് രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് ഇത് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!