മധുരം ഇഷ്ട്ടമില്ലാത്ത മാനുഷ്യർ ഭൂമിയിൽ ഇല്ലേയില്ല.
കേക്കിന്റെ ഉപജ്ജാതാവായ സാക്ഷാൽ ബേക്കർ സായിപ്പ് ഈ രഹസ്യം എന്നേ കണ്ടുപിടിച്ചതാ.
ഒരു കേക്കിന്റെ കഷ്ണം നീട്ടിയാൽ
ആട് പ്ലാവില കണ്ടപോലെ, ചിരിച്ചുകൊണ്ട്
അടുത്തുവന്ന് അതേറ്റുവാങ്ങാത്ത ആരുണ്ട്?
അന്യഗ്രഹങ്ങളിലുള്ള ജീവികളുടെ കാര്യം നമുക്കറിയത്തില്ല.
അവിടെയും മധുരം പോലെ അവർക്ക് മറ്റെന്തെങ്കിലും കാണുവാരിക്കും.
അതല്ലെങ്കിൽ അവിടെ ഉള്ളവർക്ക് മധുരത്തിനു പകരും കൈപ്പ് ആണ്
പദ്ധ്യം എങ്കിലോ, ആർക്കറിയാം?
അതുപോട്ടെ. മധുരം മധുരതരം ആയതുകൊണ്ടാല്ലല്ലോ നമ്മുടെ നാട്ടിൽ മുട്ടിനു മുട്ടിനു ബേക്കറികൾ പ്രവർത്തിക്കുന്നതും ആയതിന്റെ കേടുത്തീർക്കാൻ അതിന്റെ എതിർവശത്തുതന്നെ ഒരു മെഡിക്കൽ സ്റ്റോർ വീതം നമുക്കായി തുറന്നിട്ടുള്ളതും.
അവിടെ നിന്നും 500 മീറ്ററിനുള്ളിൽ ഒരു കള്ളുകടയും അതിന് 500 മീറ്ററിനുള്ളിൽ ഒരു പള്ളിയും സെമിത്തേരിയും കൂടി നമ്മൾ കണ്ടറിഞ്ഞു സെറ്റ് ചെയ്തിരിക്കുന്നതും ഒന്നും മുന്നിൽക്കാണാതെയല്ല താനും.
ഇവരുടെ എല്ലാം മേൽനോട്ടത്തിനായി ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളും ഉണ്ടല്ലോ.
നമ്മളുടെ ഒരു ഇഷ്ട്ട ഭോജനമാണെങ്കിലും ഒരുദിവസം മുഴുവൻ ഒന്നിനുപുറകെ ഒന്നായി മധുരം കഴിച്ചു കൊണ്ടിരുന്നാൽ ഒടുവിൽ നമ്മൾ മടുത്തു മത്തുകേറി വീണു പോകും.
അന്നേരം ആരെങ്കിലും പ്രമാദമായ അമ്പലപ്പുഴ പാൽപ്പായസം കൊണ്ടുവന്നു തന്നിട്ട്
“ദേ ഇതേതാ സാധനം എന്താണെന്നറിയുമോ, അമ്പലപ്പുഴ പാൽപ്പായസമാണ് കഴിക്ക്”
എന്ന് പറഞ്ഞാൽ നമ്മൾ ദേഷ്യം വന്നിട്ട് “കൊണ്ടുപോ” എന്നും പറഞ്ഞ് ആ കൈ തട്ടിമാറ്റിയെന്നും വരും.
എന്താ കാരണം?
എത്ര നല്ല സാധനം ആണെങ്കിലും ഒരളവിൽ കൂടുതലായാൽ നമ്മൾക്ക് ചെകിടിക്കും. അതുതന്നെ.
എനിക്കിന്ന് പറ്റിയത്തും ഇതുപോലൊന്നാണ്. മൊബൈൽ ഫോൺ ആണ് പണിപറ്റിച്ചത്.
മംഗളാശംസകൾ സ്വീകരിക്കാൻ ആർക്കാണ് ഇഷ്ടമില്ലത്, സന്തോഷമില്ലാത്തത്?
ഓരോ ആശംസകളും ഓരോ മധുരമുള്ള കേക്ക് കഷ്ണം പോലെയാണ്.
നമ്മുടെ ഉന്മേഷം വർധിപ്പിക്കും.
ടീവിയിൽ കാട്ബറിയുടെ പരസ്യം വന്നാൽ പോലും മനസ്സ് ഉണരുന്നത് നമുക്കനുഭവമല്ലേ?
ന്യൂ ഇയർ ദിവസം ഉച്ചയ്ക്ക് ഭാര്യ ഉണ്ടാക്കിയ ബിരിയാണിയും കഴിച്ച് ഞാൻ ഫോൺ നോക്കാൻ കയ്യിലെടുത്തതാണ്.
ഫോണിന് പതിവില്ലാത്ത വെയിറ്റ് ഫീൽ ചെയ്തപ്പോഴേ മനസ്സിലായി.
ധാരാളം മെസ്സേജസ് വന്നിട്ടുണ്ടെന്ന്.
തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ ഈ വർഷത്തെ മെസ്സേജുകളിൽ എന്തൊക്കെ വെറൈറ്റികളായിരിക്കും ഒളിപ്പിച്ചുവച്ചിരിക്കുന്നത്?
എന്റെ ഉദ്വേഗം കൂടി.
ക്രിസ്മസ്സും പുതു വർഷവും കൂടി വന്നിട്ട് ആൾക്കാരിൽ നിന്നും ആശംസകൾ കുന്നുകൂടി കിടക്കുകയാണ്.
ഫോണിൽ കൂടി അതെല്ലാം വായിച്ചും മിന്നുന്ന ഡിജിറ്റൽ പടങ്ങൾ കണ്ട് കണ്ണഞ്ചിയും കണ്ണുതള്ളിയും കുറെ സമയംകൊണ്ട് എന്റെ ഹാപ്പിനെസ്സ് MyG പോലെ വേറൊരു ലെവൽ ആയി.
വേറെ ലെവലിൽ നിന്നുകൊണ്ട് ആശംസകളുടെ മത്തുപിടിച്ചു അതിനെല്ലാം മറുപടി കുത്തിയും കുറെ ആശംസാ പടങ്ങൾ പലർക്കും കൈമാറിയും ഞാൻ ആവേശം കൊണ്ടു. എന്തെല്ലാം തരത്തിലുള്ള ഡിജിറ്റൽ പടങ്ങളാണ് ആശംസകളായി വരുന്നത്. അത്ഭുതം തന്നെ!!
പതിയെ ആവേശത്തിന്റെ മത്തുപിടിച്ച് വലഞ്ഞു തുടങ്ങിയ എനിക്ക് ഒടുക്കം പരവേശം വരുന്നപോലെ തോന്നി.
ഭാര്യയോട് വെള്ളം വെള്ളം എന്ന് വിളിച്ച് പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം വെളിയിൽ വന്നില്ല.
ചില രാഷ്ട്രീയ അടിമകളെപ്പോലെ ശരിയായ ബോധം മറഞ്ഞു ഞാൻ കസേരയിൽ ചെരിഞ്ഞിരിപ്പായി.
ന്യൂ ഇയർ ദിവസം എന്റെ ഭാര്യ നല്ലതുമാത്രം സ്വപ്നം കണ്ടു, ഇന്നലെ അരങ്ങൊഴിഞ്ഞ 2025 നെ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി, ഈ വർഷമെങ്കിലും ദൈവമേ സ്വർണ്ണത്തിന്റെ വില കുറയ്ക്കണേ, എന്ന് പ്രാത്ഥിച്ചുകൊണ്ട് ഉച്ചതിരിഞ്ഞുള്ള നാലുമണിക്കാപ്പിയുമായി എന്നേ നോക്കി ഇരുപ്പു മുറിയിലേയ്ക്ക് വന്നപ്പോഴാണ് അവൾ അന്താളിച്ചുപോയത്.
കെട്ടിയവൻ കസേരയിൽ, ഒരുകുപ്പി “കേരളാ ബ്രാണ്ടി ” ഒന്നിച്ചുവിഴുങ്ങി ഫ്യൂസ് പോയതുപോലെ എന്നോ പണത ലൈഫ് മിഷൻ വീടുമാതിരി ഒരു വശം ചെരിഞ്ഞിരിക്കുന്നു!
എന്റെ പരുവം കണ്ടിട്ട് എന്റെ യേശുവേ, ഇതെന്തൊരു ഹാപ്പി ന്യൂഇയർ, ഇതിലും ഭേദം കടന്നുപോയ 2025 ആയിരുന്നു എന്ന് പിറു പിറുത്തുകൊണ്ട് എന്നെ കുലുക്കി വിളിച്ചു.
അച്ചായാ, അച്ചായാ എന്ത്പറ്റി?
PSC ടെസ്റ്റ് സ്വയം എഴുതിയോ, ആരെക്കൊണ്ടെങ്കിലും എഴുതിപ്പിച്ചോ കിട്ടിയ ജോലിയിലിരുന്നു ഉറക്കം തൂങ്ങുന്ന ചില സർക്കാർ ജോലിക്കാരനെപ്പോലെ ഇരുന്ന എന്റെ ഭാഗത്തുനിന്നും അനുകൂലമായ അനക്കം കാണാതിരുന്നപ്പോൾ അവളിലെ ജെയിംസ് ബോണ്ട് ഉണർന്നു.
അവൾ ഞാൻ ഇരുന്നതിന് ചുറ്റും വല്ല ടച്ചിങ്സ് അല്ലെങ്കിൽ കാലിക്കുപ്പികൾ എന്നിത്യാതി എന്തെങ്കിലും ഉണ്ടോ എന്ന് അവളുടെ അന്വേഷണ മിഴികൾകൊണ്ട് ഒരു സെർച്ചിങ് നടത്തി. പക്ഷെ ഒന്നും കാണുന്നില്ല.
ഇനി ഇതിയാൻ ന്യൂ ഇയർ പ്രമാണിച്ച് സ്വയം അപ്ഗ്രേഡ് ചെയ്ത് മയക്കു മരുന്നും കൂടി തുടങ്ങിയതാവുമോ?
വെറും മദ്യം മാത്രം കഴിക്കുന്നവൻ എന്നത് നാണക്കേടായി തോന്നിയിട്ട് ന്യൂജൻ ആകാൻ നോക്കിയതാണോ?
അവൾ ഞാൻ ഇരിക്കുന്നതിനു ചുറ്റും വീണ്ടും നോക്കി.
കെട്ടിയവന്റെ പേരിന്റെ ചുരുക്കം MD (Madathil Daniel) എന്നാണല്ലോ.
അതിന്റെ കൂടെ ഒരു MA കൂടി ചേർന്നാൽ പോരെ പണി പാളാൻ?
അന്നേരമാണ് എന്റെ കസേരയുടെ ചുവട്ടിൽ ക്രിസ്മസ്സ് ന്യൂ ഇയർ മെസ്സേജുകളുടെ ഖജനാവായ എന്റെ മൊബൈൽ നീല വെളിച്ചം തെളിച്ചുകൊണ്ട് ക്ഷീണിച്ച് കിടക്കുന്നതവൾ കണ്ടത്.
പെട്ടെന്ന് കുനിഞ്ഞു നിലത്തുനിന്നും ആ ഫോൺ കയ്യിൽ എടുത്തു നോക്കുമ്പോൾ അവളുടെ മനസ്സിൽ ഭീതിയുടെ കൊള്ളിയാൻ മിന്നി.
ലക്ഷണം കണ്ടിട്ട് ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഇങ്ങേർക്ക് എന്തോ സംഭവിച്ചതാണ്.
അച്ചായന്റെ വടശ്ശേരിക്കരയുള്ള 99 വയസ്സായ അമ്മാവനെങ്ങാനും “പോയി” എന്നുള്ള മെസ്സേജ് വല്ലതും വന്നതാണോ?
അതോ അടുത്ത അസ്സെമ്പ്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ കറന്റ് ചാർജ് വീട്ടുകരം ഇവ കൂട്ടും എന്ന വാർത്തവല്ലതും കണ്ടോ?
ഇനിയെങ്ങാനും കേരള സർക്കാരിന്റെ പുതിയ ബ്രാണ്ടിക്ക് പറ്റിയ പേര് കണ്ടുപിടിക്കാൻ ശ്രമിച്ചു പറ്റാതെ ആലോചിച്ചു ആലോചിച്ച് ഇങ്ങേരുടെ കിളി പോയതാണോ?
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് വിഖ്യാതനായ ഷേക്ക് സ്പീയർ പോലും പറഞ്ഞിട്ടുണ്ട്.
എന്നിട്ടും അതുകേൾക്കാതെ ഈ സർക്കാരിങ്ങനെ മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കാനായി കുടിയൻമ്മാരോട് തന്നെ മദ്യത്തിന് പേര് കണ്ടുപിടിക്കാൻ പറഞ്ഞു കഷ്ട്ടപ്പെടുത്തുന്നു?
പേരെതായാലും കള്ള് നന്നായാൽ പോരെ?
അവൾക്ക് ഓർത്തിട്ട് ദേഷ്യം വരുന്നുണ്ട്.
ഈശ്വരാ, ഈ പുതുവർഷം കഴിഞ്ഞ ഏതൊരു വർഷത്തേക്കാളും കൂടുതൽ ഹാപ്പി ന്യൂ ഇയർ മെസ്സേജ് വന്നിട്ടും നേരം വൈകുന്നേനുമുന്പേ ഈ ഗതിവന്നല്ലോ. ഇതെന്ത് കോപ്പിലെ ഹാപ്പിയാ.
പുതുവർഷം തുടങ്ങിയപ്പോഴേ താളപ്പിഴകൾ തുടങ്ങിയാൽ എങ്ങനെ ഈ വർഷം മുഴുവൻ താൻ നാട്ടുകാരുടെ മുഖത്തുനോക്കും?
ചിന്താഭാരത്താൽ അവൾക്ക് കിട്ടിയ ന്യൂ ഇയർ ഹാപ്പിനെസ്സ് മുഴുവൻ വെയിൽകൊണ്ട ഐസ് ക്രീം പോലെ ഉരുകാൻ തുടങ്ങി.
മനസ്സിലൂടെ ഇങ്ങനെ ദുർചിന്തകൾ ഘോഷയാത്ര തുടങ്ങിയപ്പോൾ അവൾ സംയമനം വീണ്ടെടുത്ത് ആ ഫോണിൽ പരതിനോക്കി. ഭർത്താവിന്റെ മനസ്സു കലക്കുന്ന മറ്റെന്തെങ്കിലും മെസ്സേജസ്?
ഇല്ല, ഇല്ലല്ലോ.
മുഴുവനും ഹാപ്പി ക്രിസ്മസ്സ്, ഹാപ്പി ന്യൂ ഇയർ ആണല്ലോ.
നേരിട്ടു കണ്ടാൽ മുഖം തരാത്ത മണർകാട്ടെ കോശി അച്ചായൻ വരെ വിട്ടിട്ടുണ്ട് മെസ്സേജ് ‘ഹാപ്പി ന്യൂ ഇയർ!!’
ങ്ഹാ,കഴിഞ്ഞ ആഴ്ച്ച അയാളുടെ മുറ്റത്തേയ്ക്ക് ഞങ്ങളുടെ മാവിന്റെ ഇലവീഴുന്നു എന്ന് പറഞ്ഞു മുട്ടൻ വഴക്കൊണ്ടാക്കിയിട്ട് കാണിച്ചുതരാം എന്ന് പറഞ്ഞു ഭീഷണി മുഴക്കി വീട്ടിലേയ്ക്ക് കേറിപ്പോയ “നല്ല അയൽക്കാരൻ “ ജോർജ് നൈനാൻ പോലും വിട്ട മെസ്സേജ് ഉണ്ടല്ലോ.
“ചേട്ടാ ഹാപ്പി ന്യൂ ഇയർ!’ നൈനാന്റെ മെസ്സേജ് കണ്ടിട്ട് വിശ്വസിക്കാൻ പറ്റാതെ അച്ചായന്റെ ബോധം പോയതാണോ?
അവൾക്ക് ഒന്നും മനസ്സിലാകുന്നില്ല.
എന്തു ചെയ്യണം, ആംബുലൻസ് വിളിക്കണോ അതോ ആദ്യം അച്ചായന്റെ മുഖത്ത് കുറച്ച് വെള്ളം തളിച്ചു നോക്കിയാലോ, എന്തുവേണം എന്ന് അവൾ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് കണ്ടത് കസേരയിൽ ചാഞ്ഞിരിക്കുന്ന അച്ചായൻ ഒന്നനങ്ങിയത്.
അവൾ കുലുക്കിവിളിച്ചു.
“അച്ചായാ, എന്തായിത്, എന്തുപറ്റി? ന്യൂ ഇയർ ആയിട്ട് പേടിപ്പിച്ചല്ലോ.”
എനിക്കിപ്പോൾ അൽപ്പം മത്തിറങ്ങി.
സംസാരിക്കാൻ പറ്റി.
എടി, ഞാനിപ്പം ഓക്കെയാ.
ആദ്യം എനിക്ക് ഒരുഗ്ലാസ് വെള്ളം താ. പരവേശം മാറട്ടെ.
എന്നിട്ട് എന്റെ ഫോണിൽ വന്ന എല്ലാ ഹാപ്പി ക്രിസ്മസ്സും ഹാപ്പി ന്യൂ ഇയറും
ടോട്ടൽ മൊത്തം ഡിലീറ്റ് ചെയ്തിട്ട് എന്റെ ഫോൺ അങ്ങോട്ട് മാറ്റി വച്ചേരെ.
ഹാപ്പി മെസ്സേജ്കൾ വായിച്ചും കേട്ടും ഹാപ്പിനസ്സ് മൂത്ത് തലയ്ക്ക് പിടിച്ചതാ.
എന്തിനുമില്ലേ ഒരു പരിധി?
ഹോ.. ഇപ്പോൾ കെട്ടിറങ്ങി.
ഇനി സൂക്ഷിച്ചോളാം.
ഞാൻ പറഞ്ഞു.
ഹാവൂ..അവൾക്ക് ആശ്വാസമായി.
എനിക്കും.
MD🐎പ്പുറം.



