പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. നടൻ ഉണ്ണി മുകുന്ദനാണ് പ്രധാനമന്ത്രിയായി എത്തുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം. ആണ്. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്‌ഥാനമാക്കിയുള്ള ഈ ചിത്രം മോദിയുടെ ബാല്യകാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു. രാജ്യാന്തര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നതെന്ന് നിർമാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക് പേജിലും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി മോദിയെ കുറിച്ച് അറിഞ്ഞതും വർഷങ്ങൾക്ക് ശേഷം ആദ്യമായി നേരിട്ട് കാണാൻ കഴിഞ്ഞതുമെല്ലാം ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവയ്‌ക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
അഹമ്മദാബാദിൽ വളർന്നതിനാൽ കുട്ടിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേട്ടിട്ടുണ്ട്. മുഖ്യമന്ത്രിയായാണ് അന്ന് അദ്ദേഹത്തെ അറിഞ്ഞിരുന്നത്. വർഷങ്ങൾക്ക് ശേശം 2023 ഏപ്രിലിൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു നടൻ എന്ന നിലയിൽ ഈ വേഷത്തിലേക്ക് കടന്നുവരുന്നത് ഏറെ അഭിമാനകരമാണ്. പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ യാത്ര അസാധാരണമായിരുന്നു. രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള ഒരു മനുഷ്യനെയാണ് ഈ സിനിമയിലൂടെ ഞങ്ങൾ വിവരിക്കുന്നത്. അമ്മയോടുള്ള പ്രധാനമന്ത്രിയുടെ അഗാധമായ സ്നേഹവും കരുതലും സിനിമ പറയുന്നു.
ഗുജറാത്തിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ രണ്ട് വാക്കുകൾ എൻ്റെ മനസിൽ എന്നുമുണ്ടായിരുന്നു. ‘ഒരിക്കലും തലകുനിക്കരുത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് മുതൽ എന്റെ ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉറവിടമായി ആ വാക്കുകൾ. പ്രധാനമന്ത്രിക്ക് ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.