മ്യൂണിച്ച്: സ്കീയിങ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായിരുന്ന ഇതിഹാസ കാറോട്ട താരം മൈക്കൽ ഷൂമാക്കറിൻ്റെ ആരോഗ്യത്തിൽ പുരോഗതിയെന്ന് റിപ്പോർട്ട്. ഐസ് സ്കീയിങിനിടെ പാറയിൽ തലയിടിച്ച് കഴിഞ്ഞ 12 വർഷമായി കിടപ്പിലായിരുന്നു ഷൂമാക്കർ. ഇപ്പോൾ ചെറിയതോതിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ചാരി ഇരിക്കുകയും തൻ്റെ വസതിയിൽ വീൽച്ചെയറിൽ ഇരിക്കാവുന്ന സ്ഥിതിയിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നാണ് റിപ്പോർട്ട്. വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി അദ്ദേഹത്തിൻ്റെ ആരോഗ്യത്തെപ്പറ്റി ഡെയിലി മെയിൽ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ഏഴ് തവണ ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു ഷൂമാക്കർ. 2013 ൽ ഫ്രഞ്ച് ആൽപ്‌സിലെ മെറിബെൽ റിസോർട്ടിൽ വച്ച് മഞ്ഞിൽ മകനൊപ്പം സ്‌കീയിങ് നടത്തുമ്പോഴാണ് ദുരന്തം ഉണ്ടായത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്ന് പോയിരുന്നു. മൂന്ന് പതിറ്റാണ്ടായി ഒപ്പമുള്ള ഭാര്യ കൊറീനയുടെ ശക്തമായ പിന്തുണയും സഹായവുമാണ് ഷൂമാക്കറിന്റെ ആരോഗ്യം മെച്ചപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീൽച്ചെയറിൽ ഇരിക്കുന്ന അവസ്ഥയിലാണെന്നും സ്പെയിനിലെ മയ്യോർക്കയിലുള്ള എസ്റ്റേറ്റിലും ജനീവ തടാകതീരത്തുള്ള വസതിയിലുമെല്ലാം അദ്ദേഹം എത്താറുണ്ടെന്നുമാണ് റിപ്പോർട്ട്.
24 മണിക്കൂറും ഡോക്‌ടർമാരും നഴ്സുമാരും അടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘം അദ്ദേഹത്തിനൊപ്പം ഉണ്ട്. നാഡീ വ്യവസ്ഥയുടെ വിദഗ്ദ്ധ ചികിത്സയടക്കം ഇപ്പോഴും തുടരുകയാണ്. ചികിത്സയുടെ ഫലമായി ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഷൂമാക്കറിന് ഇപ്പോൾ ബോധ്യമുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു. കണ്ണിമ ചിമ്മുന്നതല്ലാതെ മറ്റൊന്നും തിരിച്ചറിയാനാകാത്ത കോമ അവസ്ഥയിലാണ് ഷൂമാക്കർ എന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തള്ളുന്നതും ആശാവഹവുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മസ്തിഷ്കത്തിൽ പരിക്കേറ്റ ഷൂമാക്കർക്ക് കൂടുതൽ പുരോഗതിക്കായി ഇനിയും ഏറെ ചികിത്സ വേണമെന്നാണ് വിദഗ്ധർ പറയുന്നത്.



