കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്തു കൊണ്ടുമാണ് നടപടി. ഇതിനു പുറമെ സമൂഹത്തിൽ ആരോഗ്യകരമായ പോഷകാഹാര സംസ്കാരം വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു മുൻനിര വികസന പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ കഫറ്റീരിയകളിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഔദ്യോഗിക വക്താവ് ഡോ. ഷൈമ അൽ-അസ്ഫോർ വ്യക്തമാക്കി.
സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡിൽസ്, കൃത്രിമ നിറങ്ങൾ, ഉയർന്ന കലോറിയുള്ള സോസുകൾ, സംസ്കരിച്ച മാംസം എന്നിവയുടെ വില്പനയാണ് നിരോധിച്ചത്.