Mantis Partners Sydney
Thursday, February 26, 2026
Mantis Partners Sydney
Home » കുതിരവട്ടം പപ്പു; വിശേഷണങ്ങൾക്കും മേലെയുള്ള നടൻ
കുതിരവട്ടം പപ്പു; വിശേഷണങ്ങൾക്കും മേലെയുള്ള നടൻ

കുതിരവട്ടം പപ്പു; വിശേഷണങ്ങൾക്കും മേലെയുള്ള നടൻ

by Editor
Send your news and Advertisements

ഒരു സംവിധായകൻ പ്രതീക്ഷിക്കുന്നത് എന്താണോ അതിനുമപ്പുറം തൻ്റെ സ്വത സിദ്ധമായ കഴിവിനാൽ രംഗം “പൊലിപ്പിയ്ക്കാൻ “ കഴിവുള്ള അനുഗ്രഹീതരായ അഭിനേതാക്കൾ നമുക്കുണ്ടായിട്ടുണ്ട് / ഉണ്ട്. സ്ക്രിപ്റ്റ് അവർക്കൊരു പ്രശ്നമേ അല്ല !

അതുകൊണ്ടാണ് കിലുക്കത്തിൽ ലോട്ടറിയടിക്കുന്ന രംഗവും, കല്യാണരാമനിൽ സദ്യയ്ക്ക് ചോറുവിളമ്പുന്നതുമായ ഇന്നസെൻ്റിൻ്റെ രസകരമായ രംഗങ്ങൾ എത്രകണ്ടാലും നമുക്ക് മതിവരാത്തത്, നാം വീണ്ടുംവീണ്ടും കാണുന്നതും. ഒരു അഭിനേതാവിൻ്റെ ഏറ്റവും വലിയ കൈമുതലാണ് “മനോധർമ്മ രംഗാവതരണം “

“താനാരാണെന്ന് തനിക്കറിയാമ്മേലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്, തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന് എന്നിട്ട് ഞാനാരാണെന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ ഞാൻ പറഞ്ഞു തരാം ഞാൻ ആരാണെന്ന് …. കേട്ടു നിന്ന കഥാപാത്രം വാപൊളിച്ചു നിന്ന രംഗം …. ഒപ്പം പ്രേക്ഷകരും.

ഒരു സംവിധായകൻ പ്രതീക്ഷിച്ചതിലും എത്രയോ മടങ്ങ്..

പത്മദളാക്ഷൻ എന്ന് കേട്ടാൽ ഈ പേരു് പലർക്കും പരിചിതമല്ല, എന്നാൽ കുതിരവട്ടം പപ്പു എന്ന നാമം ഏവർക്കും പരിചിതവും. ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് നിറ സാന്നിധ്യമായിരുന്ന പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് ഇന്ന് 26 വർഷം. അവസാനകാലത്ത് നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പപ്പു, ഹൃദയാഘാതത്തെത്തുടർന്ന് 2000 ഫെബ്രുവരി 25-ന് നിര്യാതനായി.

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടുകളിൽ അഗ്രഗണ്യനായ കുതിരവട്ടം പപ്പു, കേവലം ഒരു കോമഡി നടൻ എന്ന വിശേഷണത്തിന് അപ്പുറം തനതായ ശൈലിയും ശാരീരിക ഭാഷയും കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ അതുല്യ കലാകാരനാണ്. നാടക രംഗത്തിലൂടെ തുടക്കം കുറിച്ച ഈ കലാകാരൻ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. എന്നാൽ ഭാർഗ്ഗവീനിലയത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാർഗ്ഗവീ നിലയത്തിലെ കഥാപാത്രത്തിലൂടെ കുതിരവട്ടം പപ്പുവും ആയി.

വെള്ളാനകളുടെ നാട് …., തേൻമാവിൻ കൊമ്പത്ത് …, മണിച്ചിത്രത്താഴ് … പ്രേക്ഷക മനസ്സിൽ തങ്ങിനില്ക്കുന്ന ശ്രദ്ധേയമായ സീനുകൾ …!

ഹാസ്യത്തോടൊപ്പം ചെറുതും വലുതുമായ മറ്റു വേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ച പപ്പുവിന്റെ നിരവധി വേഷങ്ങൾ ….. എങ്കിലും ‘താമരശ്ശേരി ചുരവും’ ‘ഒരു ടാസ്കി വിളിയടേയ്….’ ഈ രണ്ട് രംഗങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക..

മുകളിൽ സൂചിപ്പിച്ച മനോധർമ്മ രംഗാവതരണത്തിന്റെ ഉത്തമ ഉദാഹരണം… ഈ അഭിനയ പ്രതിഭയുടെ ഓർമ്മയ്ക്കുമുമ്പിൽ പ്രണാമം.!

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!